16
Jul 2023
Sat
16 Jul 2023 Sat

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. എറണാകുളം നോര്‍ത്ത് പോലീസാണ് ചോദ്യം ചെയ്യലിന് ശേഷം ഫോണ്‍ പിടിച്ചെടുത്തത്. കലൂരിലുള്ള വിനായകന്റെ ഫ്‌ളാറ്റിലാണ് എറണാകുളം നോര്‍ത്ത് സിഐ അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉമ്മന്‍ ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട മൊബൈല്‍ ഫോണാണ് തെളിവായി പോലീസ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രകോപനം കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകന്‍ പോലീസിനോട് പറഞ്ഞു. അതേസമയം വീട് ആക്രമിച്ചുവെന്ന പരാതി പിന്‍വലിക്കുകയാണെന്ന് വിനായകന്‍ പോലീസിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് പോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പറഞ്ഞു.

നേരത്തെ വിനായകനോട് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിനായകന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാനാവില്ലെന്നായിരുന്നു നടന്‍ കാരണമായി പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിനായകന്റെ ഫ്‌ളാറ്റിലെത്തി പോലീസ് പരിശോധന നടത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയ്ക്കിടെയാണ് നടന്‍ വിനായകന്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ വിനായകന്‍ പോസ്റ്റിട്ടത്. വ്യാപക വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. നിരവധി പരാതികളും വന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്.