29
Aug 2023
Tue
29 Aug 2023 Tue

ശ്രീലങ്കന്‍ യാത്രയ്ക്കിടെ ഭാര്യയും മകനും ഭാര്യാ പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ ട്രാവല്‍ ഏജന്‍സികളായ തോമസ് കുക്ക്, റെഡ് ആപ്പിള്‍ ട്രാവല്‍ എന്നിവയോട് 50 ലക്ഷം രൂപ പരാതിക്കാരനായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മാധ്യമപ്രവര്‍ത്തകയും എന്‍ഡിടിവിയിലെ വാര്‍ത്താ അവതാരകയുമായിരുന്ന കാനുപുരിയ സൈഗാള്‍, മകന്‍ ശ്രേയാ സൈഗാള്‍, പിതാവ് ഗംഗാ പ്രസാദ് വിമല്‍ എന്നിവര്‍ 2019ല്‍ കൊളംബോയില്‍ നടന്ന അപകടത്തിലാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ഡ്രൈവറായ 52കാരനും അന്ന് മരണപ്പെട്ടിരുന്നു. കാനുപുരിയയുടെ ഭര്‍ത്താവ് യോഗേഷ് സൈഗാളിനും മകള്‍ ഐശ്വര്യ സൈഗാളിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം നടന്ന നാലുവര്‍ഷത്തിനു ശേഷം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ട്രാവല്‍ ഏജന്‍സികളോട് യോഗേഷ് സൈഗാളിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ട്രാവല്‍ ഏജന്‍സികള്‍ നിയോഗിച്ച ഡ്രൈവറിന്റെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃതര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്. അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ഫോറം വ്യക്തമാക്കി.

ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ച സൈഗാള്‍ കുടുംബം അപകടംമൂലം തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് 8.99 കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഭാര്യയുടെയും മകന്റെയും ഭാര്യാപിതാവിന്റെയും സംസ്‌കാരച്ചടങ്ങില്‍ പോലും സംബന്ധിക്കാനാവാതെ താന്‍ ശ്രീലങ്കയിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് യോഗേഷ് സൈഗാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യാമാതാവും മകളും താനും അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ സഹിക്കാനാവാത്തതാണെന്നും ഉറങ്ങാന്‍ പോലുമാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മൂന്നുമാസത്തിനുള്ളില്‍ 50 ലക്ഷം രൂപ ഇരു ട്രാവല്‍ഏജന്‍സികളും കൂടി നല്‍കാനാണ് വിധിയുണ്ടായിരിക്കുന്നത്. വീഴ്ച വരുത്തിയാല്‍ 10 ലക്ഷം രൂപ അധികമായി നല്‍കണമെന്നും ഫോറം നിര്‍ദേശിച്ചു.