10
Sep 2023
Fri
10 Sep 2023 Fri

വീരപ്പന്‍ വേട്ടയുടെ മറവില്‍ ആദിവാസികളെ കൂട്ടബലാത്സംഗംചെയ്തു; ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: വീരപ്പന്‍ വേട്ടയുടെ മറവില്‍ ആദിവാസികളെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ (വാചാതി കൂട്ടബലാത്സംഗക്കേസ്) ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി. പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നു കോടതി ഉത്തരവിട്ടു.

പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകള്‍ തള്ളി ജസ്റ്റിസ് പി.വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജി നിര്‍ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. മരണപ്പെട്ട 3 സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 4 ഐഎഫ്എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥരാണു കേസിലെ പ്രതികള്‍. വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസഥര്‍ വീടുകള്‍ ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം, റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികള്‍ പരാതിപ്പെട്ടു. 1995ല്‍ സിപിഎം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി സിബിഐയ്ക്കു കൈമാറി. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക