10
Oct 2023
Tue
10 Oct 2023 Tue

വീണ്ടും റോണോ: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് ജയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക സമയത്ത് ഗോള്‍ മടക്കി ടീമിന് തിരിച്ചുവരവിനും ഒപ്പം വിജയത്തിനും അവസരമൊരുക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ താജിക്കിസ്ഥാന്‍ ടീമായ ഇസ്തിക്ലോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സൗദി അറേബ്യന്‍ വമ്പന്മാരുടെ ജയം. ഇ ഗ്രൂപ്പില്‍ രണ്ട് തുടര്‍വിജയങ്ങളുമായി 6 പോയിന്റ് നേടി ഒന്നാമതാണ് അല്‍ നസര്‍. ഇറാനിയന്‍ ക്ലബ്ബായ പെര്‍സിപോളിസാണ് 3 പോയിന്റോടെ രണ്ടാം സ്ഥാനത്ത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നിരുന്ന അല്‍ നസര്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ ഗോള്‍ സ്‌കോറിങ് തുടങ്ങിയപ്പോള്‍, ടലിസ്‌കയുടെ ഇരട്ട ഗോളുകള്‍ ടീമിന് ജയമുറപ്പിച്ചു.

സെനിന്‍ സെബായി (44) ആണ് ഇസ്തിക്ലോളിന് വേണ്ടി ഗോള്‍ നേടിയത്. 66 ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. എതിര്‍ ഗോള്‍മുഖത്തെ വിറപ്പിച്ച മുന്നേറ്റത്തിനൊടുവില്‍ ഗോളിയെ കബളിപ്പിച്ച് റോണോ പന്ത് എതിര്‍ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളും ഇതാണ്.

ഇതോടെ 22 വിവിധ ലീഗ് ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമായി. പിന്നാലെ ബ്രസീലിയന്‍ താരം ടലിസ്‌ക 72, 77 മിനിറ്റുകളിലായിരുന്നു വല കുലുക്കിയത്.

നേരത്തെ ആദ്യ മത്സരത്തില്‍ പെര്‍സെപോളിസിനെയായിരുന്നു സൗദി പ്രൊ ലീഗ് ക്ലബ്ബ് വീഴ്ത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആ ജയം. രണ്ടാം കളിയിലും ജയിച്ചതോടെ അല്‍ നസറിന്റെ പോയിന്റ് നേട്ടം ആറായി. ഇതോടെ ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്താനും അവര്‍ക്ക് സാധിച്ചു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇനി അല്‍ അല്‍ നസറിന്റെ മത്സരം ഒക്ടോബര്‍ 24 നാണ്. അല്‍ ദുഹൈലാണ് എതിരാളികള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക