ഇസ്രയേല്‍ കയ്യേറ്റം അവസാനിപ്പിക്കണം: യെച്ചൂരി, ഹമാസിന്റെ ആക്രമണം ഇസ്രായേലിന്റെ മുഖത്തേറ്റ അടിയെന്ന് എം.എ ബേബി
|
ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ഫലസ്തീനൊപ്പം നിന്ന് സിപിഎം. ഫലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പിലാണ് യച്ചൂരി ഇസ്രയേലിനെതിരെ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
‘ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന് ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം.’ – യച്ചൂരി കുറിച്ചു.
ഹമാസിന്റെ ആക്രമണം ഇസ്രായേലിന്റെ മുഖത്തേറ്റ അടിയാണെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബിയും പറഞ്ഞു. ആക്രമണം ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോമി’നോ തടയാന്‍ ആയില്ല എന്നത് അവരുടെ മുഖത്ത് ഏറ്റ കനത്ത അടിയാണെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ജൂതതീവ്രവാദികള്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്. ഇസ്രായേല്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അടിച്ചമര്‍ത്തലും അക്രമവും അവരുടെ പ്രദേശങ്ങള്‍ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയിലേക്ക് വരികയാണ് വേണ്ടതെന്നും എം.എ ബേബി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





