09
Oct 2023
Sat
09 Oct 2023 Sat

പ്രായം ബാധിച്ചിട്ടില്ലെന്ന് പോര്‍ച്ചുഗല്‍ ജഴ്‌സിയിലും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇരട്ടഗോളില്‍ ടീമിന് വിജയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോര്‍ട്ടോ: യൂറോ യോഗ്യത മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ മികവിലാണ് മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പടയുടെ വിജയം. ഇതോടെ 2024 യൂറോകപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത ഉറപ്പാക്കി. ഏഴ് മത്സരങ്ങളും വിജയിച്ച പോര്‍ച്ചുഗല്‍ 21 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

സീസണില്‍ മിന്നും ഫോമിലുള്ള റൊണാള്‍ഡോ സ്ലൊവാക്യക്കെതിരായ മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 18ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ ആദ്യ ലീഡെടുത്തു. 29ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി പോര്‍ച്ചുഗലിന് അനുകൂലമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ സ്ലൊവാക്യ തിരിച്ചടിച്ചു. 69ാം മിനിറ്റില്‍ ഡേവിഡ് ഹാങ്കോയിലൂടെ സ്ലൊവാക്യ ഒരു ഗോള്‍ മടക്കി.

72ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ തന്റെ രണ്ടാം ഗോള്‍ നേടിയത്. തന്റെ അന്താരാഷ്ട്ര കരിയറിലെ 125ാം ഗോള്‍ കൂടിയായിരുന്നു ഇത്. 80ാം മിനിറ്റില്‍ സ്റ്റാനിസ്‌ലാവ് ലൊബോട്കയിലൂടെ സ്ലൊവാക്യ ഒരു ഗോളടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

തുടര്‍ച്ചയായി ഇരുപത്തിയൊന്നാമത് സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര തലത്തില്‍ ഗോള്‍ നേടുന്നത്. 2003/2004 മുതല്‍ എല്ലാ സീസണുകളിലും പോര്‍ച്ചുഗലിനായി ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ മാസം 17ന് ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനെയ്‌ക്കെതിരെയാണ് ഗ്രൂപ്പില്‍ അവരുടെ അടുത്ത മത്സരം. യൂറോ കപ്പിന് യോഗ്യത ഉറപ്പാക്കിയതിനാല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ പോര്‍ച്ചുഗലിന് ഇനി കളിക്കാം.

യൂറോ ക്വാളിഫയറിലെ ഗോള്‍വേട്ടയില്‍ നിലവില്‍ രണ്ടാമതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഴ് ഗോളുകളാണ് ഇതുവരെ റോണോയ്ക്ക് നേടാനായത്. ഒന്‍പത് ഗോളുകളുമായി ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക