09
Oct 2023
Sun
09 Oct 2023 Sun

ദുരിതം ഇരട്ടിയാക്കാന്‍ കരയാക്രമണത്തിന് തയാറായി ഇസ്രായേല്‍, ഗസ നിവാസികളോട് ഒഴിഞ്ഞുപോകാന്‍ ഭീഷണി, ആശുപത്രിയും ഒഴിപ്പിക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ: ഫലസ്തീനികളുടെ ദുരിതം ഇരട്ടിയാക്കാന്‍ കരയാക്രമണത്തിന് തയാറായി ഇസ്രായേല്‍ അധിനിവേശ സൈന്യം. ഇതിന്റെ ഭാഗമായി ഗസ നിവാസികളോട് ഒഴിഞ്ഞുപോകാന്‍ ഭീഷണി മുഴക്കിയ ഇസ്രായേല്‍, ആശുപത്രിയും ഒഴിപ്പിക്കുകയാണ്. കരയാക്രണത്തിന് നെതന്യാഹു സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ലഫ്. കേണല്‍ പീറ്റര്‍ ലെര്‍നര്‍ പറഞ്ഞു. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കര ആക്രമണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാന്‍ മുന്നോട്ടുപോകാന്‍ എല്ലാം സജ്ജമാണ്. റിസര്‍വ് പടയേയും സന്നദ്ധരാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്നും പീറ്റര്‍ ലെര്‍നര്‍ പറഞ്ഞു.

30,000 റിസര്‍വ് സൈനികരെ തയ്യാറാക്കിയിട്ടുണ്ട്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍ മുമ്പുതന്നെ സൂചന നല്‍കിയിരുന്നു. കരയുദ്ധം ആസന്നമാകുന്നെന്ന സാഹചര്യത്തില്‍ വടക്കന്‍ ഗാസയിലെ അല്‍ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കാന്‍ പലസ്തീന്‍ റെഡ് ക്രസന്റ് അടിയന്തര അഭ്യര്‍ഥന നടത്തിയതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഗാസ നഗരം വിട്ടുപോകാതെ തുടരുന്നവരെ ഭീകരരായി കണക്കാക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. സൈപ്രസില്‍ ഇസ്രയേല്‍ എംബസിക്കുനേരെ ആക്രമണമുണ്ടായി.

ഈജിപ്തിലെ റാഫ അതിര്‍ത്തി വഴി 20 ട്രക്ക് അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഗാസയില്‍ എത്തിയതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ക്യാമ്പിനുള്ളിലെ അല്‍ അന്‍സാര്‍ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക