08
Nov 2023
Mon
08 Nov 2023 Mon

വയനാട്ടില്‍ ചെങ്കല്ല് ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്; അപകട കാരണം അധികൃതരുടെ അനാസ്ഥ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിക്കാനിടയാക്കിയ അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന പരാതിയുമായി നാട്ടുകാര്‍. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ തോലമ്പ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.

നിര്‍മാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ അരിക് ഇടിഞ്ഞ് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍നിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാര്‍ ചെങ്കല്ലുകള്‍ക്കടിയില്‍പെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാര്‍ കല്ലുകള്‍ക്കടിയില്‍ നിന്ന് ദിലീപിനെ രക്ഷപ്പെടുത്തിയത്. മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന സഹയാത്രികരായിരുന്ന സജീര്‍ (37), മൊയ്തീന്‍ (49) എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പ്രളയത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതാണു അപകടത്തിന് ഇടയാക്കിയതെന്നാണു നാട്ടുകാരുടെ! പരാതി. 2018ലെ പ്രളയത്തില്‍ റോഡരിക് പൂര്‍ണമായി ഇടിഞ്ഞു താഴ്ന്നിരുന്നു. സംരക്ഷണ ഭിത്തി പൂര്‍ണമായി തകര്‍ന്ന നിലയിലായ റോഡിന്റെ അരിക് ഇടിഞ്ഞാണു ലോറി തല കീഴായി മറിഞ്ഞത്. ഏതു നേരവും തകര്‍ന്നു പോകുന്ന അവസ്ഥയിലായ റോഡില്‍ ഏറെ ഭീതിയോടെയാണു ഇവിടത്തുകാര്‍ സഞ്ചരിക്കുന്നത്. റോഡിന്റെ ഒരു വശത്ത് ഒഴുകുന്ന തോട്ടില്‍ വെള്ളം കൂടുന്നതോടെ റോഡരിക് കൂടുതലായി ഇടിയുകയാണ്. ഇക്കാര്യങ്ങളെല്ലാം അധികൃതരെ അറിയിക്കാറുണ്ടെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക