09
Nov 2023
Tue
09 Nov 2023 Tue

ദുബൈ ടാക്‌സി ഓഹരി വിപണിയിലേക്ക്; ഓഹരി ഒന്ന് 0.04 ദിര്‍ഹത്തിന് നിങ്ങള്‍ക്കും വാങ്ങാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി: 624.75 മില്യണ്‍ ഓഹരികള്‍ വില്‍ക്കുന്നതിനും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രാഥമിക പബ്ലിക് ഓഫര്‍ (ഐപിഒ) ആരംഭിക്കാനുള്ള പദ്ധതി ദുബൈ ടാക്‌സി പ്രഖ്യാപിച്ചു. 0.04 ദിര്‍ഹം എന്ന നാമമാത്ര മൂല്യത്തിലാണ് കമ്പനി ഓരോ ഓഹരിയുടെയും വില നിശ്ചയിച്ചത്. ഷെയറുകള്‍ പൊതുജനങ്ങള്‍ക്ക് വിറ്റഴിക്കുന്നതിന് ദുബൈ ടാക്‌സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്‌റ്റോക് കമ്പനിയാക്കി മാറ്റാന്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തും ഉത്തരവിട്ടു. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും. ദുബൈയിലെ റോഡ് ടോള്‍ സംവിധാനമായ സാലിക്, വൈദ്യുതിവെള്ളം വിതരണകമ്പനിയായ ദേവ എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ ഓഹരി വിപണിയില്‍ പൊതുജനങ്ങള്‍ക്ക് വിറ്റഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം സജീവമായിരിക്കുന്നത്.

അബ്ദുല്‍ മൊഹ്‌സിന്‍ ഇബ്രാഹിം യൂനിസ് അധ്യക്ഷനായ ‘ദുബായ് ടാക്‌സി കമ്പനി’യുടെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് ശൈഖ് ഹംദാനാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം (92) പുറത്തിറക്കിയത്. അഹമ്മദ് അലി അല്‍ കാബിയാണ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുക. ഷെഹാബ് ഹമദ് അബു ഷെഹാബ്, യൂസഫ് അഹമ്മദ് ബിന്‍ ഗലൈത, ഡോ. ഹനാന്‍ സുലൈമാന്‍ അല്‍ സുവൈദി, അബ്ദുല്ല മുഹമ്മദ് ബിന്‍ ദമിതാന്‍, ഇസ അബ്ദുല്ല ബിന്‍ നത്തൂഫ് എന്നിവരാണ് മറ്റ് ബോര്‍ഡ് അംഗങ്ങള്‍.

ദുബൈ ടാക്‌സി കമ്പനിയുടെ മൊത്തം ഇഷ്യൂ ചെയ്ത ഷെയര്‍ ക്യാപിറ്റലിന്റെ 24.99 ശതമാനമാണ് ഓഹരി വിപണിയിലേക്ക് ഇറക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് നവംബര്‍ 21 ന് ആരംഭിക്കും. യുഎഇ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നവംബര്‍ 28 നും പ്രൊഫഷണല്‍ നിക്ഷേപകര്‍ക്ക് നവംബര്‍ 29 നും അവസാനിക്കും. ഓഹരികള്‍ 2023 ഡിസംബറില്‍ ദുബൈ വിപണിയില്‍ വ്യാപാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലിസ്റ്റിംഗ് തീയതിയില്‍ കമ്പനിയുടെ ഓഹരി മൂലധനം 100 ദശലക്ഷം ദിര്‍ഹമായി സജ്ജീകരിച്ചിരിക്കുന്നു. 2,500,000,000 ഷെയറുകളാണ് ആകെ ഉണ്ടാവുക. ഒരു ഓഹരി 0.04 ദിര്‍ഹത്തിന് വാങ്ങാം. 2024 സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഓരോ വര്‍ഷവും രണ്ടുതവണ ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ ഉദ്ദേശം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക