മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരായി; അകമ്പടിയായി BJP നേതാക്കളും പ്രവര്‍ത്തകരും
|
കോഴിക്കോട്: മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്‍ഡന്റ് ഷിദ ജഗതിനോട് അപമാര്യാദയായി പെരുമാറിയ കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അകമ്പടിയായാണ് നടന് എത്തിയത്. പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മാറ്റി.
സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടക്കാവ് ഇംഗ്ലീഷ് പള്ളിയില്‍ നിന്നും ബിജെപി നേതാക്കള്‍ സ്റ്റേഷനിലേക്ക് പദയാത്ര സംഘടിപ്പിച്ചിരുന്നു. ഈ പദയാത്ര സ്റ്റേഷന് പരിസരത്ത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ‘കോഴിക്കോട് എസ് ജിയ്ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. വേട്ടയാടാന്‍ വിട്ടുതരില്ല എന്ന ബാനറും പിടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.
ഇതിനിടെ മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലേക്കെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, പി കെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ പദയാത്രയായി സ്റ്റേഷനിലേക്കെത്തിയിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷന് പരിസരത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചത്.
മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന്ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആയതിനാല്‍ ഇന്ന് തന്നെ ജാമ്യവും നല്‍കിയേക്കും. ഒക്ടോബര്‍ 27ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





