07
Nov 2023
Fri
07 Nov 2023 Fri

ആലുവ: അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. ഐപിസി 406 വിശ്വാസവഞ്ചന, 420 വഞ്ചനാക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കുട്ടിയുടെ അച്ഛന്‍ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇന്നലെ തന്നെ വീട്ടിലെത്തി മൊഴി എടുത്തിരുന്നു. എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആയ മുനീറിന്റെ ഭാര്യ ഹസീനയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഹിന്ദി അറിയാവുന്ന ആളെന്ന നിലില്‍ തന്നോടൊപ്പം കൂടി മുനീര്‍ 1,20,000 രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെന്നായിരുന്നു അച്ഛന്‍ മാധ്യമങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതമായിരുന്നു മുനീര്‍ വാങ്ങിയത്.

സംഭവം കബളിപ്പിക്കലാണെന്ന് മനസിലായതോടെ അന്‍വര്‍ സാദത്ത് അടക്കമുള്ള നേതാക്കളെ സമീപിച്ചിരുന്നതായും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. തട്ടിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുനീര്‍ കുട്ടിയുടെ അച്ഛനെ ഫോണ്‍ വിളിച്ച് വാര്‍ത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം അച്ഛന്‍ തള്ളി. ഇതുള്‍പ്പെടെ മാധ്യമങ്ങള്‍ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യില്‍ തിരിച്ച് നല്‍കാനുള്ള മുഴുവന്‍ പണവും കൊടുത്തുവിട്ടു. വിഷയം തന്റെ ശ്രദ്ധയില്‍പെട്ടിരുന്നതായും തന്നെയാണ് മുനീര്‍ ആദ്യം പറ്റിച്ചതെന്നുമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതികരണം. സംഭവം നാണക്കേടായതോടെ മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹസീന മുനീറിനെ സസ്‌പെന്റ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക