റോബിന്‍ ബസ്സ് വീണ്ടും ഓടി, ഉടന്‍ തടഞ്ഞ് പിഴയിട്ട് MVD; ഓട്ടം തുടരുന്നു
|
പത്തനംതിട്ട: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന റോബിന്‍ ബസ്സിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. പെര്‍മിറ്റ് ലംഘനത്തിന് 7,500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ആണ് റോബിന്‍ ബസ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റര്‍ പിന്നിട്ടയുടന്‍ വാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു.
പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. തുടര്‍ന്ന് പാലാ ഇടപ്പാടിയില്‍ വച്ച് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ബസ് വിട്ടയച്ചു. അതേസമയം കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്റെ യാത്ര. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്‌റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





