16
Nov 2023
Tue
16 Nov 2023 Tue

ചെന്നൈ: നടി തൃഷയ്ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൃഷയ്ക്കെതിരായ പരാമര്‍ശത്തെ ന്യായീകരിച്ച മന്‍സൂര്‍ അലി ഖാന്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിക്കുകയായിരുന്നു എന്നും മന്‍സൂര്‍ അലി ഖാന്‍ കുറ്റപ്പെടുത്തി. ‘സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാക്കുകളാണ് പ്രചരിക്കുന്നത്. തൃഷയെ അപമാനിക്കാനോ അനാദരിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം ആരാധകരോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

‘പ്രസ് മീറ്റില്‍ ഞാന്‍ തൃഷയോട് മോശമായി പെരുമാറിയെന്ന വാര്‍ത്ത വരുന്നു എന്ന് എന്നെ മക്കളാണ് അറിയിച്ചത്. സത്യം പറഞ്ഞാല്‍ ആ വാര്‍ത്താ സമ്മേളനത്തില്‍ ഞാന്‍ അവരെ (തൃഷ) അഭിനന്ദിക്കുകയായിരുന്നു. ഞാന്‍ തമാശരൂപേണ പറഞ്ഞ ഒരു കാര്യം ചിലര്‍ മനഃപൂര്‍വം വളച്ചൊടിച്ച് അവതരിപ്പിച്ചു,” മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. താന്‍ ഈ കോലാഹലങ്ങളെയെല്ലാം ഭയക്കുന്ന ആളല്ല എന്നും അദ്ദേഹം പറഞ്ഞു.

തന്നോടൊപ്പം അഭിനയിച്ച നായികമാരില്‍ പ്രമുഖ സ്ഥാനങ്ങളിലുള്ള രാഷ്ട്രീയക്കാരുമുണ്ടെന്നും നിരവധി നായികമാര്‍ സമ്പന്നരായ വ്യവസായികളെ വിവാഹം കഴിച്ച് ജീവിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മകള്‍ ദില്‍രൂപ തൃഷയുടെ വലിയ ആരാധികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്ക് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. അവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.

താന്‍ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് കൂടെ അഭിനയിച്ചവര്‍ക്ക് നന്നായി അറിയാം എന്നും ചിലര്‍ തൃഷയെ ഇത് തെറ്റായി ചിത്രീകരിച്ചുകൊണ്ട് ചൊടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ഥം ആണോയെന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. അതിനിടെ മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറയണമെനന്ന് നടികര്‍ സംഘം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും നാല് മണിക്കൂറിനുള്ളില്‍ നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകേഷ് കനകരാജ്-വിജയ്-തൃഷ കൂട്ടുകെട്ടിലിറങ്ങിയ ലിയോയില്‍ മന്‍സൂര്‍ അലി ഖാന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം.