അസീസിനോട് അനുകരണം നിര്‍ത്താന്‍ പറഞ്ഞിട്ടില്ല.. എന്നെ ചെയ്തത് എനിക്കിഷ്ടമായില്ലെന്ന് മാത്രം; പ്രതികരണവുമായി അശോകന്‍
|
കൊച്ചി: അശോകനെ വേദികളില്‍ ഇനി അനുകരിക്കില്ലെന്ന് വ്യക്തമാക്കി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് രംഗത്തെത്തിയതിന് പിന്നാലെ, അദ്ദേഹത്തോട് തന്നെ അനുകരിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന മറുപടിയുമായി അശോകന്‍. താന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ടിസ്റ്റാണ് എന്നാണ്. എന്നാല്‍ തന്നെ ചെയ്തത് പലതും ഇഷ്ടമായില്ല എന്നും അശോകന്‍ പറഞ്ഞു.
എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാന്‍ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല. ഒരാള്‍ ചെയ്യുന്നത് അല്പം കൂട്ടികാണിക്കുക എന്നത് തന്നെയാണ് മിമിക്രിയുടെ രീതി. പക്ഷെ അത് അധിക്ഷേപിക്കുന്ന രീതിയിലേക്ക് പോകരുതെന്നും അശോകന്‍ പറഞ്ഞു. അസീസ് തന്നെ അനുകരിക്കില്ല എന്ന പ്രതികരണത്തിനും അശോകന്‍ മറുപടി പറഞ്ഞു.
‘അസീസിനോട് പ്രോഗ്രാം നിര്‍ത്താനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷന്‍ നിര്‍ത്തുന്നത് എന്തിനാണ്? ഞാന്‍ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് നിര്‍ത്താന്‍ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാന്‍ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ട്ടമാണ്. ഞാന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്, എന്നാല്‍ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ ഒക്കെയാണ് എനിക്ക് തോന്നിയത്- അശോകന്‍ പറഞ്ഞു.
നേരത്തെ മാസ്റ്റര്‍ പീസ് എന്ന തന്റെ ആദ്യ വെബ് സീരീസിന്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് അശോകന്‍ അസീസിന്റെ അനുകരണ രീതിയെ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം പഴഞ്ചന്‍ പ്രണയം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു അസീസ് തന്റെ തീരുമാനം അറിയിച്ചത്.
അസീസ് നെടുമങ്ങാട് അടക്കമുള്ള ചില മിമിക്രിക്കാര്‍ തന്നെ അവതരിപ്പിക്കുന്നത് മോശമായാണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇനി അശോകനെ അനുകരിക്കില്ലെന്ന് അസീസ് വ്യക്തമാക്കിയത്. നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. മുന്‍പ് അനുകരണം നന്നായെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. ഇതുപോലെ എല്ലാവരും പ്രതികരിച്ചാല്‍ അനുകരണം അവാസനിപ്പിക്കും എന്നുമായിരുന്നു അസീസ് പറഞ്ഞത്.


