02
Dec 2023
Mon
02 Dec 2023 Mon

അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയില്‍ ഒരു ജോലി ലഭിക്കുക എന്നു പറയുന്നതു തന്നെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. അപ്പോള്‍ നാസയുടെ ചൊവ്വാ പര്യവേക്ഷണത്തിന്റെ ഭാഗമാകുക എന്നു പറയുന്നതോ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോ. അക്ഷത കൃഷ്ണമൂര്‍ത്തി എന്ന ഇന്ത്യക്കാരി. നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനം നിയന്ത്രിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് അക്ഷത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു യുഎസ് ഫെഡറല്‍ ഏജന്‍സി ആയതുകൊണ്ടു തന്നെ, യുഎസ് പൗരന്മാരെ മാത്രമേ നാസയില്‍ ജീവനക്കാരായി നിയമിക്കുകയുള്ളൂ. എന്നാല്‍ അക്ഷതക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. ചൊവ്വയുടെ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാനായി അയച്ച പെര്‍സെവറന്‍സ് എന്ന റോവര്‍ നിയന്ത്രിക്കുന്നത് ഡോക്ടര്‍ അക്ഷത കൃഷ്ണമൂര്‍ത്തിയാണ്. ഒരു കാറിന്റെ വലിപ്പം ഉള്ളതാണ് ഈ പര്യവേഷണ വാഹനം. ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്, ആര്‍ക്സെക്കന്‍ഡ് സ്പേസ് ടെലിസ്‌കോപ്പ് എനേബിളിംഗ് റിസര്‍ച്ച് ഇന്‍ ആസ്ട്രോഫിസിക്സ്, നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ തുടങ്ങിയ നാസയുടെ മറ്റ് ദൗത്യങ്ങളിലും അക്ഷത നേതൃനിരയില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയ്‌റോനോട്ടിക്‌സിലും ആസ്‌ട്രോനോട്ടിക്‌സിലും പി.എച്ച്.ഡി നേടിയിട്ടുള്ള ആളാണ് അക്ഷത കൃഷ്ണമൂര്‍ത്തി. അടുത്തിടെയാണ് അക്ഷത നാസയിലെ തന്റെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

”13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാസയില്‍ ജോലി ചെയ്യണം എന്ന സ്വപ്നവുമായി ഞാന്‍ അമേരിക്കയില്‍ എത്തിയത്. ഭൂമിയുമായും ചൊവ്വയുമായും ബന്ധപ്പെട്ടുള്ള നാസയുടെ വിവിധ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനായതെല്ലാം ഒരു സ്വപ്നം പോലെയാണ് ഞാന്‍ കരുതുന്നത്. വിസയെടുത്താണ് ഇവിടെ വന്നത്. ഒരു വിദേശ പൗരയായിത്തന്നെ ഇവിടെ ജീവിക്കുന്ന ഞാന്‍ ഉടന്‍ തന്നെ ഒരു പ്ലാന്‍ ബി ഉണ്ടാക്കണം എന്ന് കണ്ടുമുട്ടുന്ന എല്ലാവരോടും ഞാന്‍ പറയുമായിരുന്നു. പിഎച്ച്ഡി നേടുന്നതും നാസയില്‍ ഒരു മുഴുവന്‍ സമയ ജോലി ലഭിച്ചതും അത്ര എളുപ്പമായിരുന്നില്ല. അതിനായി പല വാതിലുകളിലും മുട്ടി. ഇന്ന്, ചൊവ്വയില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ സാമ്പിളുകള്‍ ശേഖരിക്കുന്ന പെര്‍സെവറന്‍സ് റോവറിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള, നാസയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളില്‍ തന്നെ സ്വയം വിശ്വസിക്കുക, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനത്ത് ഒരിക്കല്‍ എത്തിച്ചേരുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു’, അക്ഷത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

57,000 പേരാണ് ഇതിനകം ഡോ.അക്ഷത കൃഷ്ണമൂര്‍ത്തിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അക്ഷതക്കുള്ള അഭിനന്ദനങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയെ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക