03
Dec 2023
Wed
03 Dec 2023 Wed

തിരുവനന്തപുരം∙ പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിൽ വിവാഹമാലോചിച്ച ഡോക്ടറും കുടുംബവും 150 പവൻ സ്വർണവും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതാണെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയാണ് കഴിഞ്ഞദിവസം മരുന്നുകുത്തിവച്ച് ജീവനൊടുക്കിയത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും ഷഹനയുടെ ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരൻ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നൽകാനില്ലെന്നും കുറിപ്പിലുണ്ട്. ഷഹനയുടെ പിതാവ് കാൻസർ ബാധിച്ചു മരിച്ചത് അടുത്തിടെയാണ്. മെരിറ്റ് സീറ്റിലാണ് ഷഹന എംബിബിഎസിനു ചേർന്നത്. പ്രവാസിയായിരുന്ന പിതാവിന്റെ മരണത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം കടം വാങ്ങിയിരുന്ന പലരും തിരികെ നൽകാത്തതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. പിതാവ് മരിച്ചതിനു പിന്നാലെ പണത്തിന്റെ പേരിൽ കല്യാണം മുടങ്ങിയതും ഷഹനയെ മാനസികമായി തളർത്തുകയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു.

കൂടെ പഠിക്കുന്ന ഡോക്ടറാണ് ഷഹനയെ വിവാഹം ആലോചിച്ചത്. 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം ഡോക്ടറുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ ഇയാളുടെ വീട്ടുകാർ 150 പവൻ സ്വർണവും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് ഷഹനയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. താങ്ങാനാവാത്ത ഈ ആവശ്യം നിറവേറ്റാൻ ഷഹനയുടെ കുടുംബത്തിനാകുമായിരുന്നില്ല.
ഷഹനയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സാഹചര്യങ്ങൾ വ്യക്തമാക്കി യുവതിയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപോർട്ടെന്ന് പൊലീസ് പറയുന്നു. ഷഹന ക്ലാസിലെത്താത്തതിനെ തുടർന്ന് തിരക്കിയെത്തിയ സഹപാഠികളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക