08
Dec 2023
Sat
08 Dec 2023 Sat

കാനത്തിന്റെ മരണം: നവകേരള സദസില്‍ മാറ്റമില്ല; അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് ആശങ്കയിലായെങ്കിലും നവകേരള സദസില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്‌കാരം നടക്കുന്ന നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടര്‍ന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു.

കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് യോഗം ചേര്‍ന്നത്.

ഇന്ന് രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടുവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടില്‍ സംസ്‌കാരം.

അതേസമയം, കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.

പ്രിയനേതാവിന്റെ മരണത്തെ തുടര്‍ന്ന് നവകേരള സദസിന്റെ മറൈന്‍ ഡ്രൈവിലെ പരിപാടി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് രണ്ടുമണിവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക