പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കൊല്ലാന്‍ പെണ്‍വേഷം കെട്ടി ഗുരുവായൂരില്‍ എത്തിയ യുവാവ് പിടിയില്‍. തുടര്‍ന്ന് സംഘത്തിലെ മറ്റു നാലു പേരും കൂടി അറസ്റ്റിലായി.
തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ്, പ്രസാദ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫന്‍ എന്നിവരാണ് പിടിയിലായത്.
|
ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ നിന്ന പ്രസാദിനെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കാറില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയ സംഘത്തിലെ മറ്റ് നാല് പേരെയും പിടികൂടി. സംഘത്തില്‍ നിന്ന് 16 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി.
തൃശൂരിലെ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പ്രതികള്‍ തൃശൂരിലെത്തി എന്ന വിവരം അറിഞ്ഞ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. പിന്നാലെ പ്രതികളും ഗുരുവായൂരിലെത്തി. യുവതിയെ കണ്ടെത്തി കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു.
യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ കയറിപ്പറ്റാനായിരുന്നു ഇവരുടെ നീക്കം. പടിഞ്ഞാറേ നടയില്‍ നിന്ന് ഹോസ്റ്റലിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് പോലീസ് വലയിലായത്. പെണ്‍വേഷത്തില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്നു പ്രസാദ്.
പിടിയിലായ പ്രസാദിനും ആദര്‍ശിനും എതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ 20-ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സൗഹൃദബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് യുവതിയെ തേടിയെത്തിയതിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവതിയെ പിന്നീട് പൊലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:
Guruvayur, Thrissur, Kerala Crime, Woman Murder Plot, Guruvayur Police, Kerala Police, Crime News, Disguised as Woman, Love Affair, Attempted Murder, Todupuzha, Idukki, Cannabis Seized, Guruvayur Temple Police, Arrest
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


