17
Jan 2024
Mon
17 Jan 2024 Mon

സ്വര്‍ണ വില: ചാഞ്ചാട്ടത്തിനിടെ ഇന്ന് കുറവ്, വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്വര്‍ണവിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടത്തിനിടെ ഇന്ന് കുറവ്. ഇന്ന് വിപണി തുടങ്ങിയപ്പോള്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46240 രൂപയാണ്. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5780 രൂപയിലെത്തി. ശനിയാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപയുടെ കുറവുണ്ട്. ജനുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഏത് സമയവും വില തിരിച്ചുകയറിയേക്കാം.

ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഡിസംബറില്‍ 47120 രൂപ വരെ പവന് ഉയര്‍ന്നിരുന്നു. ഈ മാസം വില കുത്തനെ വര്‍ധിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും മറിച്ചാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍.

ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. മാത്രമല്ല, ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുമില്ല. എണ്ണവിലയില്‍ കുറവ് വന്നത് ആശ്വാസമാണ്. ഡോളര്‍ സൂചിക കഴിഞ്ഞ കുറേ ദിവസങ്ങളായി 102ന് മുകളിലാണ്. ഇന്നത്തെ സൂചിക 102.51ല്‍ നില്‍ക്കുന്നു. ഡോളര്‍ മൂല്യം ഇടിയാത്തത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അതേസമയം, ഇന്ത്യന്‍ രൂപ ഇന്ന് കരുത്ത് കാട്ടിയിട്ടുണ്ട്. ഡോളറിനെതിരെ 83.10 എന്ന നിരക്കിലാണ് വ്യാപാരം. ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിച്ചത് സ്വര്‍ണവില ഇടിയാന്‍ കാരണമാകും.