28
Sep 2024
Sun
28 Sep 2024 Sun
Abdul Basith with second MOM in the KCL tournament
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ ടീമിന് വീണ്ടും തുണയായി അബ്ദുൾ ബാസിദ്. ആദ്യ മത്സരത്തിൽ പന്ത് കൊണ്ടെങ്കിൽ രണ്ടാം വിജയത്തിൽ അത് ബാറ്റ് കൊണ്ടായിരുന്നു ബാസിദ് ടീമിന് വിജയമൊരുക്കിയത്. കാലിക്കറ്റിനെതിരെ അബ്ദുൾ ബാസിദ് ക്രീസിലെത്തുമ്പോൾ ഏത് രീതിയിൽ വേണമെങ്കിൽ  മാറിമറിയാവുന്ന വിധമായിരുന്നു മത്സരം. എട്ടോവർ ശേഷിക്കെ ജയിക്കാൻ വേണ്ടത് 62 റൺസ്. വിക്കറ്റുകൾ കയ്യിലുണ്ടെങ്കിലും മുന്നിലുള്ള ലക്ഷ്യം അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ബാസിദ് കളിയുടെ ഗതി  മാറ്റി.
സിംഗിളുകൾ എടുത്ത് ഇന്നിങ്സ് തുടങ്ങുമ്പോൾ  മറുവശത്ത് രണ്ട് വിക്കറ്റുകൾ കൂടി വീണു. ഗോവിന്ദ് പൈയും ഷാരോണും മടങ്ങിയതോടെ അഞ്ചിന് 91 റൺസെന്ന നിലയിൽ കൂടുതൽ പരുങ്ങലിലായി റോയൽസ്. എന്നാൽ പിന്നീട് കണ്ട് മത്സരം ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ബാസിദിനെയാണ്. അഭിജിത് പ്രവീൺ എറിഞ്ഞ 15ആം ഓവറിൽ ബാസിദിന്‍റെ ആദ്യ ഫോർ. അഭിജിത് തന്നെയെറിഞ്ഞ 17ആം ഓവറിൽ തുടരെ ഒരു സിക്സും ഫോറും. നിഖിൽ എറിഞ്ഞ അടുത്ത ഓവറിലാകട്ടെ അതിർത്തി കടന്ന് പറന്നത് നാല് സിക്സറുകൾ. ഒരു ഘട്ടത്തിൽ അപ്രാപ്യമോ എന്ന് തോന്നിച്ച വിജയമാണ് 11 പന്ത് ബാക്കി നില്ക്കെ റോയൽസ് സ്വന്തമാക്കിയത്. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സുമായി പുറത്താകാതെ 50 റൺസാണ് അബ്ദുൾ ബാസിദ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ബൗളിങ്ങിലും ബാസിദ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ ഒരേ സമയം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫോമിലേക്ക് ഉയരാനുള്ള മികവാണ് ബാസിദിനെ ശ്രദ്ധേയനാക്കുന്നത്. നേരത്തെ കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം എന്ന നേട്ടം ബാസിദിനെ തേടിയെത്തിയിരുന്നു. കൊച്ചിക്ക് എതിരെയുള്ള ആ മത്സരത്തിൽ 45 റൺസും നേടി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ബാസിദ് സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിനെതിരെയും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ബാസിദ് തന്നെ.

കേരളത്തിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലുൾപ്പടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള അബ്ദുൾ ബാസിദ് നെട്ടൂർ സ്വദേശിയാണ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് ബാസിദ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണിൽ ടൂർണമെന്‍റിന്‍റെ വിധി നിശ്ചയിക്കുന്ന പ്രധാന താരങ്ങളിൽ ഒരാൾ  അബ്ദുൾ ബാസിദ് തന്നെയായിരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക