കോട്ടയം: അക്ഷര നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ, ഈ വർഷത്തെ കെ.എസ്.വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം ആബിദ് തറവട്ടത്ത് പ്രശസ്ത സാഹിത്യകാരൻ ഡോ.ജേക്കബ് സാംസണിൽ നിന്ന് ഏറ്റുവാങ്ങി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്.
|
ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ.എസ്.രാജശേഖരൻ , ചലചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായിരുന്നു. “അമ്മാവന്റെ കൂളിങ് എഫക്ട് ” എന്ന കഥാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.
ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് അവാർഡ്. പരിപാടിയുടെ ഭാഗമായി കഥയരങ്ങും കവിതയരങ്ങും സംഘടിപ്പിച്ചു. അരീക്കോട് സ്വദേശിയായ ആബിദ് ഇപ്പോൾ പാലക്കാട് ഗവ.എൻജിനീയറിങ് കോളജിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്ത് വരുന്നു.



