സിദ്ദീഖ് കാപ്പനൊപ്പം യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച അതീഖുര്‍ റഹ്‌മാന് ജാമ്യം. . യുഎപിഎ കേസിലാണ് അതീഖുര്‍ റഹ്‌മാന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനി ഇഡി കേസില് കൂടി ജാമ്യം ലഭിക്കാനുണ്ട്. അതിനാല്‍ തന്നെ യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കാംപസ് ഫ്രണ്ട് മുന്‍ നേതാവായ അദ്ദേഹത്തിന്റെ ജയില്‍ജീവിതം തുടരും.
|
ജയിലില്‍ കഴിയുന്നതിനിടെ അതീഖുര്‍ റഹ്‌മാന്റെ ഇടതു വശം തളര്‍ന്നുപോയിരുന്നു. ഹൃദ്രോഗിയായ അതീഖുര്‍ റഹ്‌മാന് തുടര്‍ചികില്‍സ ലഭിക്കാതെ ആരോഗ്യം വഷളായി ഇടതുവശം തളര്‍ന്നുപോവുകയും തുടര്‍ന്ന് ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
2002 മുതല്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സ തേടിയിരുന്ന അതീഖുര്‍ റഹ്‌മാന് ലഭിച്ചുവന്നിരുന്ന തുടര്‍ ചികില്‍സ ലഭ്യമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2021 ഒക്‌ടോബറില്‍ കോടതി നിര്‍ദേശപ്രകാരമാണ് അതീഖുര്‍ റഹ്‌മാനെ എയിംസിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ ചികില്‍സ അതീഖുര്‍ റഹ്‌മാന് ജയിലില്‍ ലഭിക്കുന്നില്ലെന്നും കുടുംബം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാവാന്‍ കാരണമെന്നും ഹരജിയില്‍ പറയുകയുണ്ടായി.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍, ടാക്‌സി കാബ് ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ക്കൊപ്പം അതീഖുര്‍ റഹ്‌മാനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഹാഥ്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് വാര്‍ത്ത തയ്യാറാക്കാന്‍ പോയ സിദ്ദീഖ് കാപ്പനെ അനുഗമിച്ചതായിരുന്നു ആക്ടിവിസ്റ്റായ അതീഖുര്‍ റഹ്‌മാന്‍. മീറത്തിലെ ചൗഥരി ചരന്‍ സിങ് യൂനിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു അറസ്റ്റിലാകുമ്പോള്‍ അതീഖുര്‍ റഹ്‌മാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സജീവമായിരുന്നു അദ്ദേഹം.
2022 ഏപ്രിലില്‍ അതീഖുര്‍ റഹ്‌മാനെ മധുര ജയിലില്‍ നിന്ന് ലഖ്‌നൗ ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ നിന്ന് അതീഖുര്‍ റഹ്‌മാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ അപേക്ഷകള്‍ കോടതികള്‍ തള്ളുകയും ജയിലില്‍ തന്നെ ചികില്‍സ നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുഹമ്മദ് ആലമിനും സിദ്ദീഖ് കാപ്പനും ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴാണ് അതീഖുര്‍ റഹ്‌മാന് കോടതി ജാമ്യം അനുവദിക്കുന്നത്. ഇഡി കേസില് കൂടി ജാമ്യം ലഭിച്ചാല് അദ്ദേഹം ജയില് മോചിനാവും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





