ഗുരുവായൂര്‍: ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ മോഡല്‍ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് തുടങ്ങി നിരവധി വിഐപികളും താരനിരയും വിവാഹത്തിനെത്തിയിരുന്നു.
|

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസ് ധരിച്ചത്. പഞ്ചകച്ചം സ്‌റ്റൈലിലായിരുന്നു മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയാണ് തരിണി ധരിച്ചിരുന്നത്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളും ചെയ്തിരുന്നു.

കഴിഞ്ഞമാസം ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. വെള്ളിയാഴ്ച്ച ചെന്നൈയില്‍ ഇരുവരും നടത്തിയ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ഇതില്‍ പങ്കെടുത്തത്. വിഭവങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ആഘോഷങ്ങളില്‍ ഉണ്ടായിരുന്നില്ല. വെജിറ്റേറിയന്‍ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരിണി. പക്ഷേ, മെനുവില്‍ വേര്‍തിരിവില്ലാതെ എല്ലാത്തരം ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുകയുണ്ടായി.
View this post on Instagram
കോയമ്പത്തൂരിലെ പ്രശസ്ത മദമ്പാട്ടി നാഗരാജ് ആന്‍ഡ് കോ ആണ് സ്വീറ്റ്, സ്റ്റാട്ടര്‍, മെയിന്‍ കോഴ്‌സ് എന്നിവ ചേര്‍ന്ന ഗംഭീര വിരുന്ന് ഒരുക്കിയത്. ഇളനീര്‍ പിസ്ത ഹല്‍വ, മലായ് പനീര്‍ ടിക്ക, ഗുണ്ടൂര്‍ ബേബികോണ്‍ ചില്ലി, രാമശേരി ഇഡ്‌ലിയും പൊടിയും, സാഫ്രണ്‍ ബട്ടണ്‍ ബറോട്ട എന്നിങ്ങനെ നീളുന്ന മെനുവായിരുന്നു ഇതിലെ അട്രാക്ഷന്‍.

കാളിദാസിന്റെ ദീര്‍ഘകാല പ്രണയിണിയാണ് തരിണി. 2022ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണി പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ കഴിഞ്ഞ മേയിലായിരുന്നു നടന്നത്. ലണ്ടനില്‍ ഉദ്യോഗസ്ഥന്‍ ആയ നവ്‌നീത് ഗിരീഷ് ആണ് ഭര്‍ത്താവ്. വിവാഹശേഷം ലണ്ടനില്‍ ആണ് മാളവിക. മുമ്പ് ജയറാമിന്റേയും പാര്‍വതിയുടേയും താര വിവാഹം നടന്നതും ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു. 1992 സെപ്റ്റംബര്‍ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം.

പ്രീ വെഡ്ഡിങ് ചടങ്ങിനിടെ ജയറാമാണ് വിവാഹത്തീയതി ഉള്‍പ്പെടെ പങ്കുവച്ചത്.
ജയറാമിന്റെ വാക്കുകള്‍: ‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണ്. അത് പൂര്‍ത്തിയാകുന്ന ഒരു ദിവസമാണിന്ന്. കലിംഗരായര്‍ ഫാമിലിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ ജമീന്‍ കുടുംബത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്, അതിന് ദൈവത്തിന് നന്ദി പറയുന്നു. മരുമകള്‍ എന്ന് പറയില്ല, എന്റെ മകള്‍ തന്നെയാണ്. എന്റെ വീടിന് അവള്‍ മരുമകളല്ല, മകള്‍ തന്നെയാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തിയതി’.
actor Kalidas Jayaram married model Tarini


