കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ അറസ്റ്റിലാകും. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണിത്. മുന്‍കൂര്‍ജാമ്യം തേടിയുള്ള നടന്റെ ഹരജി ജസ്റ്റിസ് ബി.ഗിരീഷ് ആണ് തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
|
കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ ഒരു വീട്ടില്‍ വച്ച് നാല് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. കുട്ടിയില്‍ നിന്ന് പൊലീസ് പലതവണ മൊഴി എടുത്തിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ ഒളിവിലാണ് നടന്‍. പ്രതിയുമായി ബന്ധമുള്ള വിവിധയിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. കുട്ടിക്കല്‍ ജയചന്ദ്രന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടില്‍ പരിശോധിച്ചിട്ടുണ്ട്.
Actor Koottikal Jayachandran to be arrested in pocso case


