ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സ്ത്രീകള്‍ക്കെതിരേ കടുത്ത ലൈംഗിക അതിക്രമം നടത്തിയവരില്‍ നിരവധി പ്രമുഖ നടന്മാര്‍ ഉള്‍പ്പെടുന്നതായ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.(Actor Krishna Kumar ridiculed the Hema Committee report) അമ്മ ഭാരവാഹികള്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖര്‍ ഒന്നും ഇതുവരെ റിപോര്‍ട്ട് സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
|
അതിനിടെയാണ് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്‌ലോഗിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിനെ കളിയാക്കി സംസാരിക്കുന്നത്.
‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’ എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായ പ്രതികരണമാണ് വീഡിയോയില്‍ നടത്തുന്നത്.
ആഗസ്ത് 19ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സ്ത്രീവിരുദ്ധ ട്രോളുകള്‍ പുറത്തുവരുന്നുണ്ട്. സിനിമാ രംഗത്തുള്ള വനിതകളെല്ലാം മോശക്കാരാണെന്ന പ്രതികരണങ്ങളും വരുന്നുണ്ട്. അതേ സ്വഭാവത്തിലാണ് കൃഷ്ണകുമാറിന്റെയും കമന്റെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഗൗരവസ്വഭാവത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരമെന്നും വിമര്‍ശനമുയര്‍ന്നു. വീഡിയോയിലെ ഈ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇതേ വീഡിയോയില്‍ കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിക്കുന്ന നിലയില്‍ സംസാരിച്ചിരിക്കുന്നത്.
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഇരട്ടതാപ്പിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന ചിലര്‍ വീഡിയോയോട് പ്രതികരിച്ചു. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടിനെ ചൂണ്ടിക്കാണിച്ച് രൂക്ഷമായ പരാമര്‍ശങ്ങളും കമന്റുകളായി വരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ചോദ്യങ്ങളുമായി വന്ന മാധ്യമങ്ങളോട് പൊട്ടിച്ചിരിച്ചുകൊണ്ട് പ്രതികരിച്ചതില്‍ നടന്‍ വിനയ് ഫോര്‍ട്ട് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. പഠിക്കാതെ പ്രതികരിക്കാനാകില്ല എന്നാണ് പറഞ്ഞതെങ്കിലും തന്റെ ശരീരഭാഷ ശരിയായില്ലെന്ന് മനസിലാക്കുന്നുവെന്നായിരുന്നു ക്ഷമാപണം നടത്തിക്കൊണ്ടുള്ള വീഡിയോയില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നത്.


