ജെന്‍സി ചാറ്റുകളിലെയും കമന്റുകളിലെയും ട്രോള്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറയുന്ന ചില കഥാപാത്രങ്ങളുണ്ട്. അതില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ഓണ്‍ലൈന്‍ ട്രോളുകള്‍ക്കും മുന്‍പേ പിറന്ന സലിംകുമാര്‍. പറവൂരിലെ ചിറ്റാറ്റുകരയില്‍ ഫോണ്‍ പോയിട്ട് വൈദ്യുതി പോലും ഇല്ലാത്ത വീട്ടിലെ കുട്ടി. പക്ഷേ ജെന്‍സികള്‍ക്ക് സലിം കുമാറില്ലാത്ത ഒരു ട്രോളിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. ചാറ്റുകളിലും പോസ്റ്റുകളിലും കമന്റുകളിലും നിറയുന്ന സലിംകുമാറിന്റെ ചില മീമുകള്‍ ഇതാ.
|
‘അഥവാ ബിരിയാണി കൊടുത്താലോ?…’

സിനിമയുടെ പേര് അറിയില്ലെങ്കിലും വണ്‍ മാന്‍ ഷോയിലെ സൈക്കോ ഭാസ്‌കരനെ
ജെന്‍സിക്ക് അറിയാതിരിക്കില്ല. 2001ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ‘ഇനി ചെലപ്പോ ആടെ ബിരിയാണി കൊട്ക്കണുണ്ടെങ്കിലോ, പറയാന്‍ പറ്റൂലേ’ എന്ന ഡയലോഗ് ഒട്ടും സാധ്യതയില്ലാത്തിടത്ത് പോലും അഥവാ വല്ലതും കിട്ടിയാലോ എന്ന പ്രതീക്ഷയാണ്.
റഫീഖിന്റെ ആ ഇരിപ്പ്

ഉദയനാണ് താരത്തിലെ റഫീഖ്. തന്റെ പ്രിയ സുഹൃത്ത് ഉദയഭാനുവിന്റെ സിനിമ റിലീസ് ഡേറ്റില്‍ അപരിചതര്‍ക്കൊപ്പമിരുന്ന് കാണുമ്പോള്‍ തന്റെ മുഖം സ്‌ക്രീനില്‍ നിറയുന്നു. കരയുന്ന, അഭിമാനിക്കുന്ന, ചിരിക്കുന്ന ജൂനിയര്‍ താരം. വല്ലത്തൊരു കൗതുകത്തോടെ എന്തെങ്കിലും കണ്ടിരിക്കുന്ന ജെന്‍സി സീനുകളില്‍ റഫഖ് തന്നെ താരം.
മണവാളന്‍ ആന്റ് സണ്‍സ്

വൈറലായത് മണവാളനാണ് പൈപ്പും പിടിച്ച് ഗമയില്‍ നില്‍ക്കുന്ന മണവാളന്‍, കൂളിങ് ഗ്ലാസ് താഴ്ത്തി നോക്കുന്ന മണവാളന്‍, നിസഹായനായ മണവാളന്‍ എന്നിങ്ങനെ പണക്കാര്‍ മുതല്‍ പാവപ്പെട്ടവര്‍ക്ക് വരെ ആര്‍ക്കും ഉപയോഗിക്കാം. തള്ള്, പണി പാളല്‍, പൊങ്ങച്ചം എന്നിങ്ങനെ എന്തും.
കണ്ണന്‍ സ്രാങ്ക്

തോല്‍ക്കുമെന്ന് കരുതിയ പരീക്ഷ ജയിച്ചതു തുടങ്ങി സംഭവിക്കാത്തത് സംഭവിക്കുമ്പോള്‍ കൂട്ടുകാരെ അറിയിക്കുക മായാവിയിലെ കണ്ണന്‍ സ്രാങ്കാണ്. ഇതെന്ത് മറിമായം, എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ ഭ്രാന്തായതാണോ എന്ന ഡയലോഗിനിട്ട ഭാവം. അതേ സിനിമയിലെ ദിദൊക്കെ എന്ത്, പോടാ തുടങ്ങിയ ഭാവങ്ങളും ജെന്‍സിക്ക് പ്രിയപ്പെട്ടവയാണ്.
‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും…’

കല്യാണരാമനിലെ പ്യാരി കല്യാണസദ്യകള്‍ മാത്രമല്ല വാട്‌സാപ്പിലെ സ്റ്റിക്കര്‍ പാക്കും ഒറ്റയ്ക്ക് തയ്യാറാക്കാന്‍ മിടുക്കനാണ്. ഈ കേറ്ററിങ് തൊഴിലാളി പറയുന്നതെല്ലാം തഗ് ഡയലോഗുകളാണ്. മൃതദേഹത്തിന്റെ ജെട്ടി വച്ചുമാറാന്‍ ഉദ്ദേശിക്കുന്ന പ്യാരി ചോദിക്കുന്നു ചത്ത കിളിക്ക് എന്തിനാ കൂട്. ജീവിതത്തില്‍ എന്തു ശ്രമിച്ചിട്ടും തോറ്റവനോട് ഇങ്ങനെ പറയാം നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി.
‘അയാം ദ് സോറി അളിയാ…’

തിളക്കത്തിലെ ഓമനക്കുട്ടനാണ് ക്ഷമ, നാണക്കേട്, കപടഭാവങ്ങള്‍ എന്നിവയുടെ മീം താരം. തെറ്റ് പറ്റിയാല്‍ പറയാം അയാം ദ് സോറി അളിയാ. ഊരിപ്പോവാനാത്ത കുടുക്കില്‍ പെട്ടെന്ന് പെട്ടവര്‍ക്കുള്ള അള്‍ട്ടിമേറ്റ് ആണ് വായില്‍കൂടിയും മൂക്കില്‍ കൂടിയും പുക പോവുന്ന മീം.
സിബിഎസ്ഇ വെബ്‌സൈറ്റ് ഹാങ് ആയാലും നീറ്റ് ചോദ്യം ചോര്‍ന്നാലും ലോകകപ്പില്‍ അര്‍ജന്റീനയോ ബ്രസീലോ ജയിച്ചാലും തോറ്റാലും എല്ലാം ഇനിയും സലിംകുമാര്‍ മീം ആയും സ്റ്റിക്കര്‍ ആയും ഒപ്പമുണ്ടാവും. നമുക്കറിയാത്ത ലോകത്തിനപ്പുറത്ത്, നമുക്കറിയുന്ന ഭാഷ പറഞ്ഞുകൊണ്ട്.
Actor Salim Kumar trolls and memes


