16
Jul 2024
Sat
16 Jul 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: പ്രശസ്ത കന്നഡ നടിയും ടെലിവിഷൻ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന കന്നഡ അറിയിപ്പുകൾക്ക് ശബ്ദംനൽകിയത് ഇവരായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി മല്ലിടുകയായിരുന്നു അപർണയെന്ന് ഭർത്താവ് നാഗരാജ് വസ്തരെ അറിയിച്ചു.

ബെംഗളുരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക്, 2014 മുതൽ കന്നഡ അനൗൺസർ എന്ന നിലയിൽ പരിചിതമായ ശബ്ദമായിരുന്നു അപർണയുടേത്. 1984 ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പുട്ടണ്ണ കനഗലിന്റെ ‘മസനട ഹൂവാ’യിരുന്നു ആദ്യ ചിത്രം. കന്നഡ ടെലിവിഷൻ പരിപാടികളിലെ ജനപ്രിയ മുഖമായിരുന്നു അപർണയുടേത്. പ്രേക്ഷകരെ ആകർഷിക്കുന്ന ശബ്ദത്തിനുടമയായ അപർണയുടെ അവതരണങ്ങൾ ജനശ്രദ്ധയാകർഷിച്ചു. എഐആർ എഫ്.എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു.

1990 കളിൽ ഡി ഡി ചന്ദനയിൽ സംപ്രേഷണം ചെയ്ത വിവിധ ഷോകൾ അവതരിപ്പിക്കുകയും നിരവധി പൊതു ചടങ്ങുകളുടെ പ്രോഗ്രാം അവതാരകയുമായിരുന്നു. ടെലിവിഷൻ ചാനലുകളിലെ മൂടല മാനെ, മുക്ത തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 2013 ൽ, കന്നഡ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഭർത്താവ് നാഗരാജ് വസ്തരെ കന്നഡ എഴുത്തുകാരനും ആർക്കിടെക്ടുമാണ്.