എന്ത് തെറ്റാണ് ചിത്ര ചേച്ചി ചെയ്തത്? പിന്തുണയുമായി കൃഷ്ണപ്രഭ
|
കൊച്ചി: ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് നേരെയുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് പിന്തുണയുമായി നടി കൃഷ്ണപ്രഭ. ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് കൃഷ്ണപ്രഭ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്തെന്നും കൃഷ്ണപ്രഭ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
‘ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ !തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാന്‍ ചിത്ര ചേച്ചിക്ക് ഒപ്പമാണ്..
അന്നും ഇന്നും എന്നും ഇഷ്ടം.


