പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായിയി. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
|
‘നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍. എന്നാല്‍ നീതി എല്ലാവര്‍ക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരന്‍ എന്നതിനേക്കാള്‍ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സര്‍ക്കാറാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയറായി നില്‍ക്കുന്ന സര്‍ക്കാറാണ് ഇവിടെ ഉള്ളത്’.അടൂര്‍ പ്രകാശ് പറഞ്ഞു.
അപ്പീലിന് പോകണമെന്ന് പ്രതിപക്ഷ നേതാവ്
നടിയെ ആക്രമിച്ച് കേസില്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്നത് അവസാനവിധി അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതിജീവിതയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെയും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് ശിവന്‍ കുട്ടി
ദിലീപിനെ പിന്തുണച്ചുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കും. അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്. വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോവുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമ നടപടിക്കൊരുങ്ങി ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. തന്നെയും കുടുംബത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. വിധി പകര്‍പ്പ് ലഭിച്ച ശേഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും ദിലീപ് പറഞ്ഞു.





