ദുബൈ: ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ വിമാനം അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മുടങ്ങിയത്. (Air India flight to Kozhikode cancelled at the last minute)
|
വിമാനത്തില്‍ യാത്രക്കാര്‍ മുഴുവന്‍ കയറി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് റദ്ദാക്കിയത്. സാങ്കേതിക തകരാര്‍ ആണ് കാരണമായി പറയുന്നത്. ഇതോടെ രാവിലെ 8.15ന് വിമാനത്തില്‍ പ്രവേശിച്ച യാത്രക്കാര്‍ നാലു മണിക്കൂര്‍ കൊടുംചൂടില്‍ വിമാനത്തിനകത്ത് ദുരിതത്തിലായി.
വിമാനത്തില്‍ എ.സി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടു.
ഐ.എക്‌സ് 346 നമ്പര്‍ വിമാനമാണ് പറക്കുന്നതിന് തൊട്ട്മുമ്പ് റദ്ദാക്കിയത്. കനത്ത ചൂടുള്ള അന്തരീക്ഷത്തില്‍ എ.സി പ്രവര്‍ത്തിക്കാതെ യാത്രക്കാര്‍ക്ക് വിമാനത്തിനകത്ത് തുടരേണ്ടിവന്നു. വിമാനം യാത്ര പുറപ്പെടുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയില്ലെന്നും പ്രായമായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വളരെ പ്രയാസപ്പെട്ടുവെന്നും യാത്രക്കാര്‍ പറഞ്ഞു.
ഉച്ചക്ക് 12.15നാണ് സാങ്കേതിക കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാമെന്ന് അറിയിച്ചു. രാത്രി 3.30ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാമെന്നാണ് അറിയിപ്പ് നല്‍കിയത്.
എന്നാല്‍ ചില യാത്രക്കാര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്ത് നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. മരണം, വിവാഹം അടക്കമുള്ള അടിയന്തിര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന പലരും മറ്റു വിമാനങ്ങളില്‍ വലിയ നിരക്കില്‍ ടിക്കറ്റ് ബുക് ചെയ്ത് യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ടിക്കറ്റ് റീഫണ്ട് കാര്യത്തില്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും ചില യാത്രക്കാര്‍ പരാതിപ്പെട്ടു. അതേസമയം വിമാനത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നും യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എ.സി പ്രവര്‍ത്തനക്ഷമമായിരുന്നെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ എ.സി കുറച്ചുനേരം ഓഫ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 523 തിരുവനന്തപുരം-അബൂദബി വിമാനവും ഒന്നര മണിക്കൂര്‍ വൈകി. ഇന്ത്യന്‍ സമയം 1.15ന് പുറപ്പെടേണ്ട വിമാനം 2.40നാണ് പുറപ്പെട്ടത്. വ്യാഴാഴ്ച ജയ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കിയിരുന്നു.





