ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് വയസുകാരന്‍ ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ചിത്രഥ്തിലെ നായകന്‍ അല്ലു അര്‍ജുന്‍. ഇന്ന്രാവിലെയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ അല്ലു അര്‍ജുനെത്തിയത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (FDC) ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജുവിനൊപ്പമാണ് അല്ലു അര്‍ജുന്‍ വന്നത്.
|
അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ നാലിനു പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന്റെ അമ്മ രേവതി തല്‍സമയം മരിച്ചിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെതിരേ കേസെടുക്കുകയും അദ്ദേഹം അറസ്റ്റിലാവുകയുംചെയ്തിരുന്നു. ജാമ്യത്തില്‍കഴിയവെയാണ് ആശുപത്രിയില്‍ എത്തിയത്. ചിക്കട്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാംഗോപാല്‍പേട്ട് പൊലീസ് അല്ലു അര്‍ജുന് നോട്ടീസ് അയച്ചിരുന്നു. ഞായറാഴ്ച നടന്‍ ആശുപത്രിയിലെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
സന്ധ്യ തിയറ്ററില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടാണ് ശ്രീതേജിന്റെ അമ്മ രേവതി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീതേജിന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
Pushpa-2 Allu Arjun visits Sreetej in the hospital


