21
Sep 2026
Sun
21 Sep 2026 Sun
Amit Shah suffers food poisoning

ബെംഗളൂരു: കര്‍ണാടക സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയേറ്റതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ശനിയാഴ്ച രണ്ട് പരിപാടികളില്‍ പങ്കെടുക്കാനിരുന്ന അമിത് ഷാ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഹുബ്ബള്ളിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ ഹോട്ടലില്‍ വിശ്രമിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജോഷി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • ആരോഗ്യപ്രശ്നം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി പ്രഹ്ലാദ് ജോഷി അറിയിച്ചു.
  • പരിപാടികൾ: ആരോഗ്യപ്രശ്നത്തെ തുടർന്ന് കർണാടകയിലെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ നിന്ന് അമിത് ഷാ വിട്ടുനിന്നു.
  • ഹുബ്ബള്ളി: കെഎൽഇ മെഡിക്കൽ കോളജിന്റെയും 1,200 കിടക്കകളുള്ള ആശുപത്രിയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ അമിത് ഷാ പങ്കെടുത്തില്ല.
  • ബെലഗാവി: ചിക്കോടി താലൂക്കിലെ എക്സാംബയിൽ നടത്താനിരുന്ന പരിപാടിയും റദ്ദാക്കി.
  • ആരോഗ്യനില: ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദിയും ക്ഷീണവും ഉണ്ടായെങ്കിലും ഇപ്പോൾ അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഹുബ്ബള്ളിയിലെ ഗബ്ബൂരില്‍ കെഎല്‍ഇ ജഗദ്ഗുരു ഗംഗാധര്‍ മഹാസ്വാമിഗളു മൂറുസാവിരമഠ് മെഡിക്കല്‍ കോളജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎല്‍ഇ ആശുപത്രി-മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു അമിത് ഷായുടെ പരിപാടി. എന്നാല്‍ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാനായില്ല.

അമിത് ഷായുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബെളഗാവി എംപി ജഗദീഷ് ഷെട്ടാര്‍, ശ്രീ ഗുരുസിദ്ധ രാജയോഗീന്ദ്ര സ്വാമി എന്നിവര്‍ ചേര്‍ന്ന് കെഎല്‍ഇ ക്യാമ്പസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് അമിത് ഷാ ഹോട്ടലില്‍ തുടരുകയാണെന്നായിരുന്നു കെഎല്‍ഇ സൊസൈറ്റി ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ പ്രഭാകര്‍ കോറെ ചടങ്ങില്‍ അറിയിച്ചത്. അതേസമയം, വൈകിട്ടോടെ അമിത് ഷാ ഹുബ്ബള്ളിയിലെ കെഎല്‍ഇ ക്യാമ്പസില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി.

ബെലഗാവി സന്ദര്‍ശനവും റദ്ദാക്കി

ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ എക്‌സാംബയില്‍ ശ്രീ ബീരേശ്വര കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനിരുന്ന അമിത് ഷായുടെ സന്ദര്‍ശനവും റദ്ദാക്കി.

”അമിത് ഷാ ഇവിടെ എത്തേണ്ടതായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു,” എക്‌സാംബയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഛര്‍ദിയുണ്ടായതിനാല്‍ ചെറിയ തോതില്‍ തളര്‍ച്ച അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ അമിത് ഷാ പൂര്‍ണ ആരോഗ്യവാനാണെന്ന് ജോഷി പിന്നീട് വ്യക്തമാക്കി.

Tags: Amit Shah, Food Poisoning, Karnataka, Hubballi, Belagavi, Pralhad Joshi, BJP, Union Home Minister, KLE Hospital, KLE Medical College, Karnataka News, Amit Shah Health, Indian Politics, India News, Latest News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക