ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി കരുത്ത്: ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി
|
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിക്കരുത്ത്. വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റര്‍ ദൂരം ചാടിയാണ് തൃശ്ശൂര്‍ സ്വദേശിയായ ആന്‍സി മെഡല്‍ സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും.
ഇന്നലെ നടന്ന പുരുഷവിഭാഗം ലോങ് ജമ്പില്‍ പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.
അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത്. 6.73 മീറ്റര്‍ എത്തിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. ഇന്ത്യക്കായി ഫൈനലില്‍ മത്സരത്തില്‍ ശൈലി സിങിനു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 6.48 മീറ്ററായിരുന്നു ശൈലിയുടെ മികച്ച ചാട്ടം.
ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തില്‍ ചാടിയ 6.63 മീറ്റര്‍ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയായി മാറി.
ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 59ല്‍ എത്തി. 13 സ്വര്‍ണം 23 വീതം വെള്ളി, വെങ്കലം നേട്ടങ്ങളാണ് അക്കൗണ്ടിലുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





