ഇന്ത്യന്‍ നേവിയില്‍ ചേരാം; 10+2 കേഡറ്റ് എന്‍ട്രി വിജ്ഞാപനം ഇറങ്ങി; പരിശാലനം ഏഴിമലയില്‍
|
പത്താം ക്ലാസ്സിന് ശേഷം പ്ലസ്ടു, സയന്‍സ് സ്ട്രീമില്‍ ജയിച്ചവര്‍ക്ക് നാവികസേനയില്‍ ബി.ടെക് പഠിക്കാനും തുടര്‍ന്ന് കമ്മിഷന്‍ഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരമൊരുക്കി (Indian Navy Recruitment 2025 10+2 Cadet Entry Vacancise) പുതിയ വിജ്ഞാപനം. 2025 ജൂലൈയില്‍ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി (സ്ഥിരം കമ്മിഷന്‍) പ്രകാരമുള്ള കോഴ്‌സ് പ്രവേശനത്തിന് ആണ് ഇപ്പോള്‍ അപേക്ഷക്ഷണിച്ചത്.
പരിശീലനം ഏഴിമല നേവല്‍ അക്കാദമിയില്‍
കണ്ണൂര്‍ ഏഴിമല നേവല്‍ അക്കാദമിയിലാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലൊന്നില്‍ നാലുവര്‍ഷത്തെ എന്‍ജിനിയറിങ് ബിരുദ പഠനത്തിന് അഡ്മിറ്റ് ചെയ്യും. ബി.ടെക്. ബിരുദം ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാകും നല്‍കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 20
പ്രായം
18നും 24നും ഇടയില്‍
(2006 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍)
യോഗ്യത
(10+2) പത്താംക്ലാസ് വിജയം അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ കുറഞ്ഞത് 70% മാര്‍ക്കും ഇംഗ്ലീഷില്‍ കുറഞ്ഞത് 50% (പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) മാര്‍ക്കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
തെരഞ്ഞെടുപ്പ് രീതി
ജെ.ഇ.ഇ. മെയിന്‍ 2024 പേപ്പര്‍ 1 കോമണ്‍ റാങ്ക് ലിസ്റ്റിലെ (സി.ആര്‍.എല്‍) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യുക. സായുധസേനയില്‍ ഓഫീസറായി പ്രവര്‍ത്തിക്കാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസര്‍ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബിയില്‍ ആകും തീരുമാനിക്കുക. ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍ ആന്‍ഡ് ഡിസ്‌കഷന്‍ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നടത്തുക. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റര്‍വ്യൂ എന്നിവ രണ്ടാംഘട്ടത്തിലും നടത്തും. യോഗ്യത നേടുന്നവര്‍ക്ക് മൂന്നുദിവസം മുതല്‍ അഞ്ചുദിവസംവരെ നീണ്ടുനില്‍ക്കാവുന്ന മെഡിക്കല്‍ പരിശോധനയും ഉണ്ടാകും.
നിയമനം സബ് ലഫ്റ്റനന്റ് ആയി
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.ടെക് ബിരുദം നല്‍കുന്നതിനൊപ്പം കമ്മിഷന്‍ഡ് റാങ്കോടെ നേവിയില്‍ നിയമനവും ലഭിക്കും. സബ് ലഫ്റ്റനന്റ് റാങ്കില്‍ ആയിരിക്കും ആദ്യനിയമനം. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സര്‍വീസ് പേ, 15,500 രൂപയും മറ്റ് അലവന്‍സുകളും ആനുകൂല്യങ്ങളും ലഭിക്കും. തുടര്‍ന്ന് ഉയര്‍ന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റവും ലഭിക്കും.
പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയല്‍ എന്നിവ ഉള്‍പ്പെടെ) പൂര്‍ണമായും ഇന്ത്യന്‍ നേവിയാകും വഹിക്കുക.
അപേക്ഷിക്കേണ്ട വിധം
www.joinindiannavy.gov.in/en/account/account/state
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ഫോട്ടോ, റേഷന്‍കാര്‍ഡ്, ഇമെയില്‍ എന്നിവയാണ് അപേക്ഷിക്കാന്‍ ആവശ്യമായത്.
അപേക്ഷിക്കും മുമ്പ് താഴെ കൊടുത്ത നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിക്കുക.
Apply online 10+2 Cadet Entry Vacancies Indian Navy


