19
Feb 2026
Wed
19 Feb 2026 Wed

കബീർ കൊണ്ടോട്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: നൂറ്റാണ്ടുകളുടെ ജീവിതം പറയുന്ന ജിദ്ദയിലെ ചരിത്ര ശേഷിപ്പുകൾ അനുഭവിച്ചറിയാൻ പൈതൃക യാത്രയൊരുക്കി അറേബ്യൻ സ്കൈ. ചരിത്രനഗരമായ ജിദ്ദയുടെ ഉള്ളറകളിലൂടെ സംഘടിപ്പിച്ച യാത്ര മാധ്യമപ്രവർത്തകർക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിച്ചത് ചരിത്ര അന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കും പകർന്നുനൽകാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരമായ ജിദ്ദയിലെ പൗരാണിക കേന്ദ്രങ്ങളിലൂടെയാണ് യാത്ര സംഘടിപ്പിച്ചത്.

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ബലദിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ സംഘം സഞ്ചരിച്ചു. ടൂർ ഗൈഡ് ബന്ദർ അൽ ഹർബി യാത്രക്ക് നേതൃത്വം നൽകി. സൗദിയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അറേബ്യൻ സ്കൈ പൈതൃക യാത്ര നേതൃത്വം നൽകിയത്. ഏഴാം നൂറ്റാണ്ട് മുതൽ നിലനിൽക്കുന്ന സൗദി അറേബ്യയുടെ സാംസ്കാരിക അടയാളം കൂടിയായ ജിദ്ദ നഗരത്തെ കൂടുതൽ അടുത്തറിയാൻ യാത്ര സഹായിച്ചു.

ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള മനോഹരമായ കൊത്തുപണികളുള്ള റൗശൻ ജാലകങ്ങളുടെ ചരിത്രം യാത്രയിൽ വിവരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നസീഫ് ഹൗസ്, ശർബത്‌ലി ഹൗസ് തുടങ്ങിയ ഇപ്പോഴും പ്രൗഢിയോടെ നിൽക്കുന്ന കെട്ടിടങ്ങളുടെ ഉള്ളറകളുടെ ചരിത്രവും സന്ദർശനത്തിൽ വിശദീകരിക്കപ്പെട്ടു. ചെങ്കടലിൽനിന്ന് ശേഖരിച്ച പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

ജിദ്ദയിലെ ഏറ്റവും പഴയ മാർക്കറ്റുകളിൽ ഒന്നായ സൂഖുൽ അൽ അറബി, ബലദിലെ ഏറ്റവും പുരാതന പള്ളിയായ ഇമാം ശാഫി മസ്ജിദ്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഉസ്മാൻ ബിൻ അഫാൻ പള്ളി എന്ന അബൂബക്കർ പള്ളി എന്നിവയുടെ ചരിത്രവും അനാവരണം ചെയ്തു.

സൗദി അറേബ്യയിലെ വിഖ്യാത സംഗീതജ്ഞനും കമ്പോസറുമായിരുന്ന താരിഖ് അബ്ദുൽ ഹക്കീമിന്റെ സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന താരിഖ് അബ്ദുൽ ഹക്കീം മ്യൂസിയത്തിലെ സന്ദർശനം നവ്യാനുഭവമായി. സൗദി ദേശീയ ഗാനത്തിന് സംഗീതം നൽകിയ വ്യക്തികളിൽ പ്രധാനി കൂടിയായിരുന്നു താരീഖ് അബ്ദുൽ ഹഖീം. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ള സംഗീത ഉപകരണങ്ങൾ, പഴയ റെക്കോർഡിംഗുകൾ, സംഗീത കുറിപ്പുകൾ, അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സൗദി സംഗീതത്തിന്റെ പരിണാമം മനസ്സിലാക്കാൻ സഹായിക്കുന്ന ഓഡിയോ-വിഷ്വൽ പ്രദർശനങ്ങളും ശ്രദ്ധേയമായി.

ബലദിൽ സ്ഥിതി ചെയ്യുന്ന സാംസ്കാരിക വിസ്മയമായ റെഡ് സീ മ്യൂസിയത്തിലെ സന്ദർശനവും മാധ്യമ പ്രവർത്തകർക്ക് പുതു അനുഭവം സമ്മാനിച്ചു. ചെങ്കടലിന്റെ ചരിത്രം, സമുദ്ര പാരമ്പര്യം, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് നൽകുന്നതിനായി സ്ഥാപിക്കപ്പെട്ട മ്യൂസിയം 2025 ഡിസംബർ 6-നാണ് പ്രവർത്തനം തുടങ്ങിയത്.

ബാബ് അൽ-ബുന്ത് കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പണ്ടു കാലത്ത് സമുദ്രമാർഗ്ഗം മക്കയിലേക്ക് വന്നിരുന്ന ഹാജിമാരുടെയും വ്യാപാരികളുടെയും പ്രധാന പ്രവേശന കവാടമായിരുന്നു ഈ കെട്ടിടം. പവിഴപ്പുറ്റുകളും മരത്തടികളും ഉപയോഗിച്ചുള്ള ഹിജാസി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണിത്. 23 ഗാലറികളിലായി ഏഴ് വ്യത്യസ്ത പ്രമേയങ്ങളിൽ (Themes) ആയിരത്തിലധികം ചരിത്രരേഖകളും പുരാവസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു.
പുരാതന നാവിക ഉപകരണങ്ങൾ, കപ്പലുകളുടെ മാതൃകകൾ, പഴയ ഭൂപടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ സ്കൈ ഒരുക്കിയ യാത്ര ജിദ്ദയുടെ ചരിത്രത്തിലക്കുള്ള കൂടുതൽ അറിവുകൾ സമ്മാനിക്കുന്നതായിരുന്നുവെന്ന് മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു. അറേബ്യൻ സ്കൈ മാനേജിംഗ് ഡയറക്ടർ നഷ് രിഫ്, അജ്മൽ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി, ജോയിന്റ് സെക്രട്ടറി ഗഫൂർ മമ്പുറം, വൈസ് പ്രസിഡന്റ് വഹീദ് സമാൻ, ട്രഷറർ സുൽഫിക്കർ ഒതായി, അംഗങ്ങളായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഹസൻ ചെറൂപ്പ, ബിജു കുമാർ, എ.എം സജിത്ത്, ഇബ്രാഹിം ഷംനാട്, എൻ.എം. സ്വാലിഹ് എന്നിവർ പങ്കെടുത്തു.