കുമളി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി രാത്രി വൈകി തേക്കടയിലെത്തിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ജനവാസമേഖലയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സീനിയറോഡ വനമേഖലയിലെ മേദകാനത്താണ് ആനയെ തുറന്നുവിട്ടത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് കോളര്‍ വഴി അധികൃതര്‍ അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
|
പുലര്‍ച്ചെ രണ്ടോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. പെരിയാര്‍ വനത്തിലെ മംഗളാദേവി ക്ഷേത്ര കവാടത്തില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്.
അരിക്കൊമ്പന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇത് സാരമുള്ളതല്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മുറിവുകള്‍ ഭേദമാവാന്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടിയത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ നാലു കുങ്കിയാനകളാണ് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. തുടര്‍ന്ന് ഏറെ വാഹനങ്ങളുടെ അകമ്പടിയോടെ അരിക്കൊമ്പനെ തേക്കടിയിലേക്ക് കൊണ്ടുവരികയായിരുന്നു.ആനയെ കൊണ്ടുവരുന്ന വഴികളില്‍ കാഴ്ച കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





