17
Nov 2024
Wed
17 Nov 2024 Wed

തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ കേന്ദ്രങ്ങള്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ആിരിക്കും ഇവിടെയും സേവനങ്ങള്‍ക്ക് ഈടാക്കുക. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്‍കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന ‘ആശ്രയ’ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കൃഷിവകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തില്‍ AIMS പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നുണ്ട്. അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനായ കതിര്‍ (KATHIR- Kerala Agriculture Technology Hub and Information Repository) പോര്‍ട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് തുടങ്ങുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍ തുറക്കുക. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

ഈ വര്‍ഷം കാര്‍ഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. വിജയ സാധ്യത വിലയിരുത്തി കൂടുതല്‍ പ്രദേശങ്ങളിലേക്ക് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും. ഓരോ കൃഷിഭവന്‍ പരിധിയിലും ഒരു കര്‍ഷക സേവന കേന്ദ്രം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കൃഷിഭവന്‍ പരിധിയില്‍ ലഭ്യമായ എഐഎംഎസ് രജിസ്‌ട്രേഷന്‍, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്‌ട്രേഷന്‍, എസ്എംഎഎം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്രയ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവര്‍ത്തിച്ച് കര്‍ഷകരുടെ ഒരു ‘വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍’ ആയാണ് ആശ്രയ പ്രവര്‍ത്തിക്കുക.

ഇതില്‍നിന്നുള്ള എല്ലാ സേവനങ്ങള്‍ക്കും അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങള്‍ക്കും പുതിയ സേവനങ്ങള്‍ക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നല്‍കുകയുംചെയ്യും.