
2021 ആഗസ്റ്റിനുശേഷം ഇന്ത്യയുടെ ശരാശരി ക്രൂഡ് ഓയില്‍ ഇറക്കുമതി വില വീപ്പക്ക് 70 ഡോളറില്‍ താഴെയെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ഓയില്‍ 65 ഡോളറില്‍ താഴെയായി തുറന്നപ്പോള്‍, പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്ന ഇത് ഉപഭോക്താക്കളെ സന്തോഷിപ്പിച്ചതാണ്. ഇന്ത്യയുടെ ശരാശരി ക്രൂഡ് ഇറക്കുമതി ചെലവ് ബാരലിന് 69.39 ഡോളറായാണ് (5,937 രൂപ) കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 89.44 ഡോളറില്‍ (7,652 രൂപ) നിന്ന് 22% ത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. അതായത്, വീപ്പക്ക് 16,00 രൂപയിലേറെ കുറവ്. എന്നിട്ടും ഇന്ത്യയില്‍ ഇന്ധനവിലകുറക്കുന്നില്ല. 2021 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരിവില ഏതെങ്കിലും മാസത്തില്‍ 70 ഡോളറില്‍ താഴെയാകുന്നത്.
![]() |
|
അസംസ്‌കൃത എണ്ണയുടെ ശരാശരിവില കുറയുന്നത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയുന്നതില്‍ പുതിയപ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഇപ്പോഴത്തെ ഡോളര്‍വില പരിഗണിച്ചാല്‍പോലും എണ്ണ വിതരണക്കമ്പനികള്‍ക്ക് ലിറ്റര്‍ ഇന്ധനത്തിന് പത്തുമുതല്‍ 12 രൂപ വരെയാണ് ലാഭം. ശതകോടി ലിറ്റര്‍ ഓരോ ദിവസവും വില്‍പ്പനനടത്തുന്ന കമ്പനികളുടെ ലാഭം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഏപ്രില്‍ ഏഴിന് പെട്രോളിയം കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ അടിസ്ഥാനവിലയില്‍ രണ്ടുരൂപയുടെ കുറവുവരുത്തിയിരുന്നു. എങ്കിലും അതിന്റെ നേട്ടം സാധാരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ രണ്ടുരൂപവീതം കൂട്ടിയതോടെയാണ് ഈ നേട്ടം സാധാരണക്കാര്‍ക്ക് അന്യമായത്.
ആഗോള വളര്‍ച്ച ദുര്‍ബലമാകുന്നതിനാല്‍ ആഗോള അസംസ്‌കൃത എണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ അപകടസാധ്യതകള്‍ വര്‍ദ്ധിക്കുകയും ഡിമാന്‍ഡ് ചുരുങ്ങുകയും ചെയ്യുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും താഴേക്ക് പോകാനാണ് സാധ്യത.
പെട്രോളിയം കമ്പനികള്‍ 45 ദിവസത്തേക്കുള്ള എണ്ണ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ ശരാശരിവില 75 ഡോളറാണെന്നുമാണ് കേന്ദ്ര ഓയില്‍മന്ത്രി ഹര്‍ദീപ് സിങ് പുരി അടുത്തിടെ പറഞ്ഞത്. ഇതില്‍ ഒരുഭാഗം ഉപയോഗിച്ചുതീര്‍ക്കുകയും ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുകയും ചെയ്താല്‍ വിലകുറയ്ക്കാന്‍ വഴിതെളിയുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് എന്ന് നടപ്പാകുമെന്നതില്‍ വ്യക്തതയില്ല. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും നേട്ടം സാധാരണക്കാര്‍ക്ക് കൈമാറാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് പ്രതിപക്ഷകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
Average crude oil price below $70; first time since August 2021; yet fuel prices not low in India