Baloch militant group ക്വറ്റ: പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ബി.എല്‍.എ (ബലൂച് ലിബറേഷന്‍ ആര്‍മി) നടത്തിയ ഏകോപിപ്പിച്ചുള്ള വന്‍ ആക്രമണങ്ങളില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 50 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങള്‍ ബി.എല്‍.എ പുറത്തുവിട്ടു. ഇതില്‍ ഒരാള്‍ 24 വയസ്സുകാരിയായ ആസിഫ മെംഗല്‍ ആണെന്ന് തിരിച്ചറിഞ്ഞു.
|
ആരാണ് ആസിഫ മെംഗല്‍?
ബി.എല്‍.എയുടെ പ്രസ്താവന പ്രകാരം, ബലൂചിസ്ഥാനിലെ നോഷ്‌കി സ്വദേശിയായ ആസിഫ 2002 ഒക്ടോബര്‍ 2-നാണ് ജനിച്ചത്. ഇവരുടെ പിതാണ് നേരത്തേ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തന്റെ 21-ാം ജന്മദിനത്തിലാണ് ആസിഫ ബി.എല്‍.എയുടെ ചാവേര്‍ വിഭാഗമായ ‘മജീദ് ബ്രിഗേഡില്‍’ ചേരുന്നത്. തുടര്‍ന്ന് 2024 ജനുവരിയില്‍ ചാവേറാകാന്‍ തീരുമാനിച്ച ഇവര്‍, ശനിയാഴ്ച നോഷ്‌കിയിലെ ഐഎസ്‌ഐ (ISI) ആസ്ഥാനത്താണ് സ്‌ഫോടനം നടത്തിയത്.
ഗ്വാദറില്‍ നടന്ന ഏറ്റുമുട്ടലില്‍ ‘ഹവ്വ ബലൂച്’ (ഡ്രോഷം) എന്ന വനിതാ ഫിദായീന്‍ അംഗവും കൊല്ലപ്പെട്ടതായി ബി.എല്‍.എ സ്ഥിരീകരിച്ചു. മരണത്തിന് 12 മണിക്കൂര്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഇവരുടെ വീഡിയോ സന്ദേശവും സംഘടന പുറത്തുവിട്ടു. എഴുത്തുകാരി കൂടിയായ ഹവ്വ, ബലൂച് സ്ത്രീകളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് വീഡിയോയിലുണ്ട്.
വലിയ തോക്ക് കൈയ്യിലേന്തി ചിരിച്ചുകൊണ്ട് പാകിസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിക്കുന്നതാണ് വീഡിയോ. ‘പാക് സര്‍ക്കാരിന് ഞങ്ങളുടെ പാവപ്പെട്ട ഉമ്മമാരോടും സഹോദരിമാരോടും മാത്രമേ കരുത്ത് കാണിക്കാന്‍ അറിയൂ. ഞങ്ങളോട് മുട്ടാന്‍ അവര്‍ക്ക് ധൈര്യമില്ല. ബലൂച് ജനത ഉണരണം, ശത്രുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു,’ എന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു.
തിരിച്ചടിച്ച് പാകിസ്ഥാന്‍
ആക്രമണത്തെത്തുടര്‍ന്ന് പാക് സുരക്ഷാ സേന നടത്തിയ 40 മണിക്കൂര്‍ നീണ്ട പ്രത്യാക്രമണത്തില്‍ 140 തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തി അറിയിച്ചു. സിവിലിയന്‍ വേഷത്തിലെത്തിയ തീവ്രവാദികള്‍ സ്‌കൂളുകളിലും ബാങ്കുകളിലും ആശുപത്രികളിലും കയറി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ ഹെറോഫ്
‘കറുത്ത കൊടുങ്കാറ്റ്’ എന്ന് അര്‍ത്ഥം വരുന്ന ഓപ്പറേഷന്‍ ഹെറോഫിന്റെ രണ്ടാം ഘട്ടമാണ് ബി.എല്‍.എ ആരംഭിച്ചിരിക്കുന്നത്.
നോഷ്‌കി, ഹബ്ബ്, ചമന്‍, നസീറാബാദ്, ഗ്വാദര്‍, മക്രാന്‍ തുടങ്ങിയ ഇടങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റുമുട്ടലുകളില്‍ തങ്ങളുടെ 18 പോരാളികള്‍ കൊല്ലപ്പെട്ടതായി ബി.എല്‍.എ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 11 പേര്‍ ചാവേര്‍ വിഭാഗമായ ‘മജീദ് ബ്രിഗേഡില്‍’ ഉള്ളവരാണ്. ഖരാന്‍, മസ്തുങ്, തമ്പ്, പസ്‌നി തുടങ്ങിയ ഇടങ്ങളില്‍ സൈനിക സാന്നിധ്യം തുരത്തിയതായും ക്വറ്റയിലും നോഷ്‌കിയിലും പോരാട്ടം തുടരുകയാണെന്നും സംഘടനയുടെ വക്താവ് ജിയന്ദ് ബലൂച് പ്രസ്താവനയില്‍ പറഞ്ഞു.
ബലൂചിസ്ഥാനില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും മേഖലയില്‍ അതീവ ജാഗ്രത തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പാകിസ്ഥാന്‍ സൈന്യം, പോലീസ്, ഫ്രണ്ടിയര്‍ കോര്‍പ്‌സ് എന്നിവയിലെ 200-ലധികം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും 17 പേരെ ബന്ദികളാക്കിയതായും ബി.എല്‍.എ അവകാശപ്പെടുന്നു. എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സ്വാഭാവിക വിഭവങ്ങളാല്‍ സമ്പന്നമെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയായ ബലൂചിസ്ഥാന്‍, പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ്.



