26
Sep 2026
Sat
26 Sep 2026 Sat
Bengaluru Prank Murder Prajwal Kidnap Case

ബെംഗളൂരു: ‘അച്ഛാ, അവര്‍ ചോദിക്കുന്നത് എന്താണെങ്കിലും കൊടുക്കൂ, വൈകിക്കരുത്…’ സ്വന്തം കൊലപാതകത്തിനായി ക്രൂരന്മാരായ കൊലയാളികള്‍ തയ്യാറാക്കിയ തിരക്കഥയിലെ വാചകങ്ങളാണ് താന്‍ അഭിനയിച്ചു തീര്‍ക്കുന്നതെന്ന് ആ 13-കാരന്‍ അറിഞ്ഞിരുന്നില്ല. ബെംഗളൂരു യെലഹങ്ക വിനായകനഗര്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ എം. പ്രജ്വല്‍ ഇതൊരു ‘പ്രാങ്ക് വീഡിയോ’ (Prank Video) ആണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് 1 കോടി രൂപ തട്ടിയെടുക്കാന്‍ കൊലയാളികള്‍ പ്ലാന്‍ ചെയ്ത നാടകമായിരുന്നു അത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • വ്യാജ പ്രാങ്ക് വീഡിയോ: 13-കാരനായ പ്രജ്വലിനെ പ്രാങ്ക് വീഡിയോ ആണെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോകൽ രംഗങ്ങൾ അഭിനയിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു.
  • 1 കോടി മോചനദ്രവ്യം: കുട്ടി ഭയന്നുവിറച്ച് അച്ഛനോട് പണം ആവശ്യപ്പെടുന്ന വീഡിയോകൾ ഉപയോഗിച്ച് 1 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതി.
  • ദാരുണ കൊലപാതകം: വീഡിയോകൾ എടുത്ത ഉടൻ തന്നെ കുട്ടിയെ തടികൊണ്ടും കോൺക്രീറ്റ് കട്ടകൾ കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തി.
  • അപകടത്തിൽ പെട്ട് പിടിയിൽ: മൃതദേഹം കാറിന്റെ ബൂട്ടിൽ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടമാണ് കേസ് പുറത്തുകൊണ്ടുവന്നത്.

വടക്കന്‍ ബെംഗളൂരുവിലെ ചിക്കജാലയില്‍ പ്രജ്വല്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. കേസിലെ മുഖ്യസൂത്രധാരനും യു.കെയില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ യെലഹങ്ക സ്വദേശിയുമായ വാല ഭാസ്‌കര്‍ റെഡ്ഡി (26) യുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കുട്ടിയുടെ അഞ്ച് വീഡിയോകള്‍ കണ്ടെടുത്തു.

പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, സെപ്റ്റംബര്‍ 16-ന് രാത്രി ഗണേശോത്സവത്തിന് പടക്കം വാങ്ങിത്തരാമെന്നും കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാമെന്നും പറഞ്ഞാണ് ഭാസ്‌കര്‍ പ്രജ്വലിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ബംഗളൂരിലെ വിജനമായ പ്രദേശത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ പ്രജ്വലിന്റെ അഭിനയ ശേഷിയെ പുകഴ്ത്തിയ ഭാസ്‌കര്‍, തട്ടിക്കൊണ്ടുപോകല്‍ രംഗങ്ങള്‍ അഭിനയിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു.

താന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടുവെന്നും മോചനദ്രവ്യം നല്‍കി തന്നെ രക്ഷിക്കണമെന്നും ഭയന്നുവിറച്ച് അച്ഛനോട് യാചിക്കുന്ന രീതിയില്‍ അഭിനയിക്കാനാണ് കുട്ടിയോട് ആവശ്യപ്പെട്ടത്. മാതാപിതാക്കളെ പിന്നീട് കാണിച്ച് തമാശയാക്കാനുള്ള ഒരു പ്രാങ്ക് മാത്രമാണിതെന്ന് വിശ്വസിച്ച് പ്രജ്വല്‍ ഇതിന് സമ്മതിച്ചു. കാറിനുള്ളില്‍ വെച്ച് ഒന്നും, പുറത്തുവച്ച് വെച്ച് 3-4 വീഡിയോകളും ഭാസ്‌കര്‍ ചിത്രീകരിച്ചു. 30 മുതല്‍ 40 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ളതായിരുന്നു ഓരോ വീഡിയോയും.

വീഡിയോ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍ തന്നെ ഭാസ്‌കറും കൂട്ടാളിയായ എഡുകൊണ്ടാലു (19) വും ചേര്‍ന്ന് മരത്തടി കൊണ്ട് പ്രജ്വലിനെ ആക്രമിക്കുകയും അടുത്തുള്ള പറമ്പിലേക്ക് വലിച്ചിഴച്ച് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് തലയ്ക്കടിച്ച് ദാരുണമായി കൊലപ്പെടുത്തുകയുമായിരുന്നു. പ്രജ്വലിന്റെ അച്ഛനായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മനോഹറിനെ ഭയപ്പെടുത്തി പൊലീസില്‍ അറിയിക്കാതെ 1 കോടി രൂപ വാങ്ങിയെടുക്കാന്‍ ഈ വീഡിയോകള്‍ കൃത്യമായ ഇടവേളകളില്‍ അയച്ചുകൊടുക്കാനായിരുന്നു ഇവരുടെ പ്ലാന്‍. വാട്സ്ആപ്പ് കോളില്‍ കുട്ടിയോട് സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍, കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ഈ വീഡിയോകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു.

കുടുക്കിയത് വാഹനാപകടം

കൊലപാതകത്തിന് ശേഷം പ്രജ്വലിന്റെ മൃതദേഹം ഭാസ്‌കര്‍ സ്വന്തം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 16-17 രാത്രിയില്‍ ബല്ലാരി റോഡില്‍ വെച്ച് ഭാസ്‌കറിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ നിന്ന് പ്രജ്വലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഭാസ്‌കറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൂട്ടാളിയായ എഡുകൊണ്ടാലുവിനെ സെപ്റ്റംബര്‍ 21-ന് നെല്ലൂരില്‍ നിന്ന് പിടികൂടുകയും ചെയ്തു.

പൊളിഞ്ഞ കള്ളക്കഥ

സെപ്റ്റംബര്‍ 16 രാത്രി അപകടസ്ഥലത്ത് പരിശോധന നടത്തുമ്പോള്‍ കാറിനുള്ളില്‍ നിന്ന് ഒരു മനുഷ്യപ്പല്ല് പൊലീസിന് ലഭിച്ചിരുന്നു. അത് എഡുകൊണ്ടാലുവിന്റേതായിരുന്നു. കുട്ടിയെ കൊല്ലാന്‍ സഹകരിക്കാത്തതിനാല്‍ ഭാസ്‌കര്‍ മരത്തടി കൊണ്ട് അടിച്ചപ്പോള്‍ തന്റെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞുപോയെന്നാണ് എഡുകൊണ്ടാലു ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒരു പല്ല് മാത്രം എങ്ങനെ കാറിനുള്ളില്‍ വന്നു എന്ന് പൊലീസ് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. അപകടസമയത്ത് ഭാസ്‌കറിന്റെ കാര്‍ ശക്തമായി ഇടിച്ചപ്പോള്‍ എഡുകൊണ്ടാലുവിന്റെ മുഖം ഡ്രൈവിംഗ് സീറ്റിലിടിക്കുകയായിരുന്നു. ഈ ആഘാതത്തിലാണ് പല്ല് കൊഴിഞ്ഞുപോയതെന്ന് പ്രതി സമ്മതിച്ചു.

Tags Bengaluru Crime, Prajwal Murder Case, Prank Video Murder, Chikkajala Police, Bhaskar Reddy, Yelahanka Kidnap Case, Crime News Malayalam, Bengaluru News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക