ജനീവ: ജോലിക്കാരെ ചൂഷണം ചെയ്ത കേസില്‍ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ തടവ് ശിക്ഷ. (Billionaire Hinduja family members sentenced to jail for exploiting staff at Geneva villa ) സ്വിറ്റ്‌സര്‍ലന്‍ഡ് കോടതിയാണ് തടവുശിക്ഷ വിധിച്ചത്. പ്രകാശ് ഹിന്ദുജ (78), ഭാര്യ കമല്‍ ഹിന്ദുജ (75) എന്നിവര്‍ക്ക് നാലര വര്‍ഷവും അവരുടെ മകന്‍ അജയ് (56), ഭാര്യ നമ്രത (50) എന്നിവര്‍ക്ക് നാല് വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചത്.
|
ജനീവയിലെ കായല്‍ തീരത്തുള്ള ആഡംബരവില്ലയില്‍ ജോലിചെയ്തിരുന്ന ഇന്ത്യക്കാരായ ജോലിക്കാരെ കഠിനമായി ജോലി ചെയ്യിച്ച് തുഛമായ ശമ്പളം നല്‍കി എന്നതാണ് കുറ്റം. 18 മണിക്കൂര്‍വരെ ജോലി ചെയ്യിപ്പിക്കുമെങ്കിലും 660 രൂപവരെയായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് നിയമപ്രകാരം വളരെ കുറഞ്ഞ തുകയാണിത്.
തങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുക കുടുംബം വളര്‍ത്തുനായകള്‍ക്കായി ചെലഴിക്കുന്നുവെന്ന് ജോലിക്കാര്‍ പരാതിപ്പെട്ടു. ജോലിക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ച ഹിന്ദുജ കുടുബം അവരെ വില്ലയില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. സ്വിസ് ഫ്രാങ്കിനു പകരം ശമ്പളം രൂപയായി നല്‍കി, നീണ്ട മണിക്കൂറുകളോളം ജോലി ചെയ്യിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവര്‍ക്കെതിരേയുണ്ട്.
വെള്ളിയാഴ്ചത്തെ കോടതിനടപടിയില്‍ ഹിന്ദുജ കുടുംബാംഗങ്ങള്‍ നാലുപേരും ഹാജരായില്ല. കേസില്‍ അഞ്ചാംപ്രതിയായ ഇവരുടെ മാനേജര്‍ നജീബ് സിയാസി മാത്രം ഹാജരായി. ഇയാള്‍ക്ക് 18 മാസമാണ് തടവുശിക്ഷ. ആരോപണവുമായെത്തിയ മറ്റ് മൂന്ന് ജോലിക്കാരുമായി കുടുംബം കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





