26
Sep 2026
Sat
26 Sep 2026 Sat
man arrested for killing wife in Banglore

ഭാര്യയെ കൊന്ന് വീട്ടിൽ സൂക്ഷിച്ചത് മൂന്നുദിവസം. ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചതോടെ യുവാവിന് പിടിവീണു. ബം​ഗളുരുവിലാണ് സംഭവം. 28കാരിയായ അനസൂയ ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്ത് (32)ആണ് പോലീസ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്റ്റ് 11ന് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സാഗർ അനസൂയയെ മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ഷീറ്റിൽ പൊതിഞ്ഞ് സാമ്പിഗെഹള്ളി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നാലെ പ്രതി ദിവസങ്ങളോളം സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തിയോയെന്ന് പരിശോധിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
സെപ്റ്റംബർ രണ്ടിനാണ് മൃതദേഹം കണ്ടെത്തിയത്. നഗരസഭയുടെ നേതൃത്വത്തിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെരുവുനായ്ക്കൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ ഭക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വസ്ത്രത്തിലെ ടാഗ് നിർണായകമായി

മൃതശരീരം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നതിനാൽ അന്വേഷണം പ്രതിസന്ധിയിലായി. എന്നാൽ മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രത്തിന്റെ ടാഗാണ് കേസിൽ നിർണായക വഴിത്തിരിവായത്. ടാഗ് പിന്തുടർന്ന് പൊലീസ് വസ്ത്രം വാങ്ങിയ മാളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും മരിച്ച യുവതിയെ തിരിച്ചറിയുകയും ചെയ്തു.

തുടർന്ന് അനസൂയയുടെ ഭർത്താവിനെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഇയാൾ പതിവുപോലെ ഹോട്ടലിൽ ജോലിക്ക് എത്തുന്നതായി കണ്ടെത്തി. ദമ്പതികൾ തമ്മിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നതായും ഹോട്ടലിലെ അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സാഗർ ചന്ദ്ര റാവത്തിനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ALSO READ: കാമുകിയുമായുള്ള വിവാഹത്തിന് 21 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പൊലീസുകാരനെ വെടിവെച്ച് കൊന്ന് 18കാരനായ മകൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക