23
Aug 2022
Sat
23 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ന്യായീകരിച്ചും കലക്ടറാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധത്തിന് വർ​ഗീയമുഖം നൽകിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കിൽ കൊലക്കേസിൽ പ്രതിയായ ശ്രീറാമിന് എന്തുകൊണ്ട് ജോലി ചെയ്തുകൂടാ എന്നാണ് കെ സുരേന്ദ്രന്റെ ചോദ്യം.

 

ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിൽ പ്രതിയാണ്. അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്തു. പിന്നീട് തിരിച്ചെടുത്തു. ഇനിയും അദ്ദേഹത്തിന് ജോലി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ അതിലെന്ത് ന്യായമാണ്. അതാരാണ് തീരുമാനിക്കുന്നത്. കേസ് അന്വേഷിക്കേണ്ടത് ഇവിടുത്തെ സർക്കാരാണ്. അല്ലാതെ മത സംഘടനകളല്ല- സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

 

ദിലീപിനെതിരെയുള്ള കേസെടുത്താൽ ആ നടൻ ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ദിലീപിനെതിരെയുള്ള കേസ് ശരിയായ നിലയിൽ അന്വേഷിച്ച് അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. അതാണ് നിയതമായ മാർ​ഗം. ഇവിടെ ശ്രീറാം വെങ്കിട്ടരാമൻ ഒരു ജില്ലയിലും ജോലി ചെയ്യാനോ, കലക്ടറാവാനോ പാടില്ല എന്നൊക്കെയാണ് പറയുന്നത്. ഇപ്പോൾ സിപിഐക്കാർ പറയുകയാണ്- അയാളെ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പിലും നിയമിക്കാൻ പാടില്ല. അതെന്ത് ന്യായം.

 

ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കൂ എന്നത് എങ്ങനെ ശരിയാവും. ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടൊരാളെ സർവീസിൽ തിരിച്ചെടുത്ത ശേഷം ഒരു പദവിയിലും ഇരിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറയുന്നതാണ് പ്രശ്നം.

 

മത സംഘടനകൾക്ക് അത് പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതസംഘടനകളുടെ വെല്ലുവിളികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു. മതസംഘടനകളും വർ​ഗീയ സംഘടനകളുടേയും താൽപര്യങ്ങൾക്ക് സർക്കാർ മുട്ടുമടക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തീരുമാനമെടുത്താൽ നടപ്പാക്കാൻ സാധിക്കാത്ത സർക്കാർ നട്ടെല്ലില്ലാത്ത സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ ഇടത് എംഎൽഎയിൽ നിന്നും എൽഡിഎഫ് ഘടകകക്ഷികളിൽ നിന്നും പ്രതിപക്ഷ കക്ഷികളിൽ നിന്നുമടക്കം പ്രതിഷേധമുണ്ടായിരുന്നു എന്നിരിക്കെയാണ് മതസംഘടനകളെ കുറ്റപ്പെടുത്തിയുള്ള കെ സുരേന്ദ്രന്റെ ആരോപണം.

 

നേരത്തെ, സംഘ്പരിവാർ സം​ഘങ്ങളും വിഷയത്തിൽ മുസ്‌ലിംവിരുദ്ധ പ്രചരണവുമായി രം​ഗത്തെത്തിയിരുന്നു. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് ദിനപത്രത്തിന്റെ മാനേജ്മെന്റ് ഭാ​ഗമായ സുന്നിവിഭാ​ഗം മലപ്പുറം ജില്ലയിൽ നടത്തിയ വൻ പ്രതിഷേധത്തിന്റെ ചിത്രം എടുത്ത്, ഹിന്ദുവായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരേ മലപ്പുറം ജില്ലയിലെ മുസ്‌ലിങ്ങള്‍ കലക്ടറേറ്റിലേക്കു നടത്തുന്ന പ്രതിഷേധം എന്ന നിലയ്ക്കായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ സംഘ്പരിവാർ കുപ്രചരണം.