പെന്‍സില്‍വാനിയ: ഹെയര്‍ സ്റ്റൈല്‍ മാറ്റിയത് ഇഷ്ടപ്പെടാത്തതിനാല്‍ കാമുകിയെ കൊലപ്പെടുത്തി 49കാരന്‍. പെന്‍സില്‍വാനിയയില്‍ ബെഞ്ചമിന്‍ ഗാര്‍ഷ്യ ഗുവലാണ് 50-കാരിയായ കാര്‍മെന്‍ മാര്‍ട്ടിനെസ്-സില്‍വയെ കുത്തിക്കൊന്നത്.
|
പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നരഹത്യ, വധശ്രമം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
മുടി മുറിച്ചശേഷം കാര്‍മെന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബെഞ്ചമിന്‍ അതേച്ചൊല്ലി കുറേ നേരം വഴക്കിട്ടിരുന്നു. തന്നെ എന്തെങ്കിലും ചെയ്‌തേക്കുമെന്ന ഭയന്ന അവര്‍ മകളുടെ വീട്ടില്‍ രാത്രി ചെലവഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെയും സുരക്ഷയുണ്ടാവില്ലെന്ന് തോന്നിയ അവര്‍ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
പിന്നാലെ ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് അയാളെ അറിയിക്കാനും ആവശ്യപ്പെട്ടു.
മുടി മുറിച്ചതിന്റെ പേരില്‍ ബെഞ്ചമിന്‍ അമ്മയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകള്‍ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ ബെഞ്ചമിന്‍ അവരെ അന്വേഷിച്ച് സഹോദരന്റെ വീട്ടിലേക്ക് പോയി.
അവരവിടെ ഇല്ലെന്ന് കള്ളം പറഞ്ഞ് സഹോദരന്‍ പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍, വൈകാതെ മടങ്ങിയെത്തിയ ബെഞ്ചമിന്‍ വാതില്‍ തുറന്ന ഉടന്‍ സഹോദരനെ കുത്തി. ഇത് തടയാന്‍ ശ്രമിച്ച കാര്‍മെന്‍ മാര്‍ട്ടിനെസിനെയും ഇയാള്‍ ക്രൂരമായി കുത്തുകയായിരുന്നു.
പൊലീസ് എത്തിയപ്പോള്‍ സംഭവസ്ഥലത്തുതന്നെ കത്തിയുമായി പ്രതി ഉണ്ടായിരുന്നു. അപ്പോഴേക്കും കാര്‍മെന്‍ മരിച്ചിരുന്നു. ഒന്നിലധികം കുത്തേറ്റ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


