കൊച്ചി: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് കൂടുതല്‍ ഒറ്റപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സംശയാസ്പദമെന്ന് പൊലീസ് അറിയിച്ചു. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തത് കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഫോറന്‍സിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
|
ഇരു ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് നല്‍കിയ രീതിയിലാണ് സംശയം. പൊലീസിന് നല്‍കും മുന്‍പ് നാലുതവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോര്‍മാറ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ള്‍ പൊലീസിന് മറുപടിം നല്‍കിയതും ഗോപാലകൃഷ്ണന് തിരിച്ചടിയായി. ഗോപാലകൃഷ്ണന്‍ പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ ഫോണില്‍ വേറെ ഐപി അഡ്രസ് ഉപയോഗിച്ച് ഇടപെടല്‍ നടന്നിട്ടില്ലെന്നും കണ്ടെത്തി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഹാക്ക് ചെയ്യപ്പെട്ടില്ലന്ന് മെറ്റയും അറിയിച്ചതായി കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര് പുറത്തായി. ഗോപാലകൃഷ്ണനും ജയതിലകിനും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ‘കലക്ടര്‍ ബ്രോ’ എന്‍ പ്രശാന്ത് രംഗത്തുവന്നു. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെ സംശയ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രശാന്ത്. സ്വയം കുസൃതി ഒപ്പിച്ചു പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നു എന്ന് പരിഹസിച്ച പ്രശാന്ത് SC/ST വകുപ്പിലെ തനിക്കെതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ ജയതിലകാണെന്നും ആരോപണമുന്നയിച്ചു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങിനെ ചോരുന്നു എന്ന ചോദ്യത്തിന്, മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നും പ്രശാന്ത് ഒരു പോസ്റ്റിന് കമന്റായി പറഞ്ഞു.
‘Mallu Hindu WhatsApp Group’; The mystery of Gopalakrishnan’s two phones being formatted


