03
Oct 2024
Fri
03 Oct 2024 Fri
braindead organ donor wakes up on operation table during removing his heart

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവില്‍ നിന്ന് അവയവ മാറ്റിവയ്ക്കല്‍ ശസ്തക്രിയയ്ക്കായി ഡോക്ടര്‍മാര്‍ ഹൃദയം നീക്കുന്നതിനിടെ ദാതാവിന് ബോധം തെളിഞ്ഞു. ഇതോടെ നീക്കം ഉപേക്ഷിക്കുകയും യുവാവ് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. 2021 ഒക്ടോബറില്‍ യുഎസിലെ കെന്റക്കിയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിത മയക്കുമരുന്ന് ഉപയോഗം മൂലം ഹൃദയസ്തംഭനമുണ്ടായ ആശുപത്രിയിലെത്തിച്ച തോമസ് ടി ജെ ഹൂവര്‍ എന്ന യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ബാപ്റ്റിസ്റ്റ് ഹെല്‍ത് റിച്മണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. ഇതോടെ ഹൂവറിന്റെ ഹൃദയം ദാനം ചെയ്യാനാവുമോയെന്ന പരിശോധന ആശുപത്രിയില്‍ നടത്തുകയും സാധ്യമാണെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഹൂവറിന്റെ ഹൃദയം മറ്റൊരു രോഗിക്കായി ദാനം ചെയ്യുന്നതിന് ആശുപത്രി അധികൃതര്‍ കുടുംബത്തിന്റെ അനുമതി ചോദിച്ചു. അനുമതി ലഭിച്ചതോടെ ഹൂവറിന്റെ മൃതദേഹം ഓപറേഷന്‍ റൂമിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ജീവനക്കാരില്‍ ചിലര്‍ ഹൂവറിന് ജീവനുണ്ടെന്നു കണ്ടെത്തി. ഹൂവറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ശരീരം അനങ്ങുന്നതും കണ്ടൈന്ന് ഓപറേഷന്‍ മുറിയിലുണ്ടായിരുന്ന നടാഷ മില്ലര്‍ എന്ന ജീവനക്കാരിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഇതോടെ ഹൃദയം നീക്കാനുള്ള ശസ്ത്രക്രിയ്ക്കായി നിയോഗിതരായ ജീവനക്കാരില്‍ രണ്ടുപേര്‍ പിന്‍വാങ്ങി. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്നു വിധിയെഴുതിയ യുവാവ് മരിച്ചിട്ടില്ലെന്നു വ്യക്തമായിട്ടും അവയവ ദാന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന കെന്റക്കി ഓര്‍ഗന്‍ ഡോണര്‍ അഫിലിയേറ്റ്‌സ്(കോഡ) കോഓഡിനേറ്റര്‍ മറ്റു ഡോക്ടര്‍മാരോട് ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയുടെ ഭാഗമാവാന്‍ ആവശ്യപ്പെട്ടു.

അതേസമയം മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി ഇതിനിടെ പുറത്തുവന്നുവെന്നും കോഡ വര്‍ക്കറായ നികോലേറ്റ മാര്‍ട്ടിന്‍ പറഞ്ഞു. ഹൂവറിന്റെ ഹൃദയം ദാനം ചെയ്യാന്‍ പര്യാപ്തമാണോയെന്ന പരിശോധന നടത്തുമ്പോള്‍ മറ്റൊരു ഡോക്ടര്‍ യുവാവിന് ജീവനുണ്ടെന്ന കാര്യം മനസ്സിലാക്കിയിരുന്നു എന്നതായിരുന്നു ഇത്. കാര്‍ഡിയാക് കത്തീറ്ററൈസേഷനിടെ യുവാവ് ഉണരുകയും ഓപറേഷന്‍ ടേബിളില്‍ അടിക്കുകയും ചെയ്തിരുന്നുവെന്നും നികോലേറ്റ മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ഇതോടെ ഹൂവറിനെ മയക്കിക്കിടത്തിയ ശേഷം ഹൃദയം പുറത്തെടുക്കാനുള്ള നീക്കം ഡോക്ടര്‍മാര്‍ തുടങ്ങി. എന്നാല്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഹുവര്‍ സഹോദരിക്കൊപ്പം കഴിഞ്ഞുവരികയാണിപ്പോള്‍. എന്നാല്‍ യുവാവിന് നടക്കാനും സംസാരിക്കാനും ചെറിയ ബുദ്ധിമുട്ടുകളുണ്ട്. ഓര്‍മയ്ക്കും ചെറിയ പ്രശ്‌നമുണ്ട്.

തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഓപറേഷന്‍ തിയേറ്റിലേക്ക് കൊണ്ടുപോവുന്നതിനിടെ ഹൂവര്‍ കണ്ണ് തുറന്നത് താന്‍ കണ്ടിരുന്നുവെന്ന് യുവാവിന്റെ സഹോദരി ഡോണ റോറര്‍ പറഞ്ഞു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അത് തോന്നിയതായിരിക്കുമെന്ന മറുപടിയാണ് ഡോക്ടര്‍മാര്‍ നല്‍കിയതെന്നും ഡോണ പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ വിഷയം പുനപ്പരിശോധിക്കുമെന്ന് കെന്റക്കി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ആരോഗ്യവകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക