പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയി. പരാതി ലഭിച്ച പോലീസ് അതിവേഗം കുഞ്ഞിനെ കണ്ടെത്തി തിരികെ എത്തിച്ചു. മേലേമുള്ളി സ്വദേശി സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ യുവതി തട്ടിക്കൊണ്ടുപോയത്.
|
കഴിഞ്ഞ ദിവസമാണ് കുഞ്ഞുമായി സംഗീത ആശുപത്രിയില്‍ അഡ്മിറ്റായത്. ഇവര്‍ക്ക് സമീപമുണ്ടായിരുന്ന ബെഡ്ഡില്‍ ചികില്‍സയിലിരുന്ന പന്ത്രണ്ടുകാരന്റെ ബന്ധുവെന്ന വ്യാജേനയയെത്തിയ യുവതിയാണ് കുഞ്ഞുമായി കടന്നത്.
രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്ന യുവതി സംഗീതയുമായി സൗഹൃദമുണ്ടാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ യുവതിയെ ഏല്‍പ്പിച്ച് സംഗീത ഭക്ഷണംകഴിക്കാന്‍ പോവുകയായിരുന്നു. ഈ സമയമാണ് യുവതി കുഞ്ഞുമായി കടന്നത്. മടങ്ങിവന്നപ്പോള്‍ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സംഗീത ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് അഗളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇരുവരെയും കണ്ടെത്തുകയും കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയും ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





