21
Jan 2025
Thu
21 Jan 2025 Thu
Cashless treatment for road accident victims

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് പണരഹിത ചികിത്സ (cashless treatment scheme) ലഭ്യമാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ മാര്‍ച്ചിന് മുമ്പായി വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി.
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്നും പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെയാണ് ഇതുസംബന്ധിച്ച പദ്ധതി രാജ്യവ്യാപകമാക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം അപകടത്തില്‍പ്പെട്ടവര്‍ക്ക് പൊലിസിനെ അറിയിച്ച് 24 മണിക്കൂറിനുള്ളില്‍ പണരഹിത ചികിത്സ ലഭ്യമാക്കും. ഏഴ് ദിവസം വരെയോ പരമാവധി 1.5 ലക്ഷം രൂപയോ വരെ ചികിത്സാ ചെലവുകള്‍ കേന്ദ്രം വഹിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് നിര്‍ത്താതെ പോകുകയും (ഹിറ്റ് ആന്‍ഡ് റണ്‍) മരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഇരയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ചണ്ഡീഗഡിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. പിന്നീട് അസം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പരീക്ഷണാടിസ്ഥാനത്തില്‍ വ്യാപിപ്പിച്ചു. ഇതാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് കീഴില്‍ 6,840 പേര്‍ക്ക് സഹായം ലഭിച്ചതായി നേിതിന്‍ ഗഡ്കരി അറിയിച്ചു.
പൊലിസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സി എന്നിവയുമായി ഏകോപിപ്പിച്ച് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാകും പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി നടപ്പാക്കുക.

Cashless treatment for road accident victims: Center announces scheme