09
Oct 2026
Fri
09 Oct 2026 Fri
Cat went missing for 10 years returns back home

പത്ത് വർഷം മുൻപ് കാണാതായ വളർത്തുപൂച്ചയെ അപ്രതീക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വെയിൽസിലെ രണ്ട് സഹോദരിമാർ. ലൂസി റോബർട്ട്‌സണും ഹന്ന ഡേവീസുമാണ് ഒരു പതിറ്റാണ്ടിനുശേഷം തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയായ ചാർലിയെ വീണ്ടും കണ്ടുമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൂസിയുടെ മുപ്പതാം ജന്മദിനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സഹോദരിമാരെ തേടി മൃഗഡോക്ടറുടെ അപ്രതീക്ഷിത ഫോൺകോൾ എത്തിയത്. പത്ത് വർഷം മുൻപ് കാണാതായ ചാർലിയെ കണ്ടെത്തിയെന്നായിരുന്നു വിവരം. വാർത്ത കേട്ട ഹന്നയ്ക്ക് ആദ്യം വിശ്വസിക്കാനായില്ല.

2016 ഏപ്രിലിലാണ് അന്ന് മൂന്ന് വയസ്സുണ്ടായിരുന്ന ചാർലിയെ കാണാതായത്. പുറത്തു സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൂച്ച ദിവസവും വീടിന് പുറത്തുപോകാറുണ്ടായിരുന്നു. എന്നാൽ ഹന്ന ന്യൂബ്രിഡ്ജിൽ നിന്ന് അബർകാനിലേക്ക് താമസം മാറിയതിനു പിന്നാലെ ചാർലി തിരികെ എത്തിയില്ല. മാസങ്ങളോളം കുടുംബം തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

പൂച്ചയെ കണ്ടെത്താനാകാത്തത് ഏറെ വേദനിപ്പിച്ച അനുഭവമായിരുന്നുവെന്ന് ലൂസി ബിബിസി റേഡിയോ വെയിൽസിനോട് പറഞ്ഞു. വാഹനമിടിച്ചോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. ചാർലിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും ഓരോ തവണയും അവളെ കണ്ടെത്താനാകാതെ പോയി. എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും ലൂസി പറഞ്ഞു.

അപ്രതീക്ഷിതമായി ചാർലിയെ കണ്ടെത്തിയതിന്റെ വിവരം ലഭിച്ചതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി. സമീപത്ത് താമസിക്കുന്ന ഒരാളാണ് കുറ്റിക്കാട്ടിൽ കഴിയുകയായിരുന്ന പൂച്ചയെ ശ്രദ്ധിച്ചത്. ആഴ്ചകളോളം തെരുവുപൂച്ചയാണെന്ന് കരുതി ഭക്ഷണം നൽകിയ ശേഷം ഇയാൾ ചാർലിയെ മൃഗഡോക്ടറെ ഏൽപ്പിക്കുകയായിരുന്നു.

പൂച്ചയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പിലെ വിവരങ്ങൾ പരിശോധിച്ചാണ് മൃഗഡോക്ടർ ഹന്നയെ ബന്ധപ്പെട്ടത്. പത്ത് വർഷമായി കാണാതായ പൂച്ചയാണെന്ന് അറിഞ്ഞപ്പോൾ ഡോക്ടറും അത്ഭുതപ്പെട്ടതായി ഹന്ന പറഞ്ഞു.

ഇത്രയും വർഷം എവിടെയായിരുന്നു ചാർലിയെന്നും എങ്ങനെയാണ് അതിജീവിച്ചതെന്നും സഹോദരിമാർക്ക് ഇപ്പോഴും അറിയില്ല. എന്നാൽ ഇത്രയും നീണ്ട ഇടവേളയ്ക്കുശേഷവും ചാർലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ആശ്വാസമായി.

ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട വളർത്തുമൃഗത്തെ വീണ്ടും സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ലൂസിയും ഹന്നയും.

ALSO READ: കറുത്ത ബ്രാ ധരിച്ചാൽ സ്തനാർബുദം വരുമോ? ബ്രാ ധരിച്ച് ഉറങ്ങുന്നതും അപകടമാണോ? അറിയാം ഡോക്ടർ പറയുന്നത്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക