ന്യൂഡല്‍ഹി: ലോകത്തുടനീളം പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിവസം ആക്കാന്‍ നിര്‍ദേശം. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റേതാണ് നിര്‍ദേശം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ വ്യവസ്ഥയുടെ നട്ടെല്ലാണ് പശു എന്നും മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്നതിനാലാണ് പശു ഗോമാതാ എന്നും കാമധേനു എന്നും അറിയപ്പെടുന്നതെന്നും നോട്ടിസില് പറയുന്നു.
|
പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം മൂലം വേദിക പാരമ്പര്യങ്ങള്‍ അന്യം നിന്നുപോവുന്നതിന്റെ വക്കിലാണെന്നും അറിയിപ്പില്‍ പറയുന്നു. പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സന്തോഷം ലഭിക്കുമെന്നും വകുപ്പ് സെക്രട്ടറി എസ്‌ക് ദത്ത ഒപ്പുവച്ച നോട്ടിസ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി 14ന് പബ്ബുകളിലും മറ്റും കയറി സംഘപരിവാര സംഘടനാ പ്രവര്‍ത്തകര്‍ കമിതാക്കളെ ആക്രമിച്ച സംഭവങ്ങള്‍ പോയവര്‍ഷങ്ങളിലുണ്ടായിരുന്നു. മറ്റൊരു ലവേഴ്‌സ് ഡേ കൂടി ആഗതമാവാനിരിക്കെയാണ് പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി ആറിനാണ് ബോര്‍ഡ് ഇത്തരമൊരു നോട്ടിസ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആയി ആഘോഷിക്കുന്നതു സംബന്ധിച്ച എന്ന വിഷയം നല്‍കിയാണ് നോട്ടിസ് തയ്യാറാക്കിയിരിക്കുന്നത്.



